സൗദി അറേബ്യ ഒരുക്കുന്ന നിയോം നഗരത്തിലെത്തും ലോകത്തെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോ ഫോയിൽ ഷിപ്പ് Worlds first electric hydrofoil ship is coming to Saudi Arabias NEOM
Last Updated:
500 മില്യൺ ഡോളർ ചെലവാക്കിയാണ് സൗദി അറേബ്യ നിയോം (NEOM) എന്നു പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് മെഗാ സിറ്റി ഒരുക്കുന്നത്.
സൗദി അറേബ്യ ഒരുക്കുന്ന അത്യാധുനിക മെഗാ സിറ്റിയായ നിയോമിലെ ആസൂത്രിത ജല ഗതാഗതത്തിന് കരുത്ത് പകരാൻ ലോകത്തിലെ തന്നെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ ചെറു കപ്പലായ (ഇലക്ട്രിക്ക് ഹൈഡ്രോഫോയിൽ ഷിപ്പ്) കാൻഡെല പി- 12 എത്തുന്നു. 500 മില്യൺ ഡോളർ ചെലവാക്കിയാണ് സൗദി അറേബ്യ നിയോം (NEOM) എന്നു പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് മെഗാ സിറ്റി ഒരുക്കുന്നത്.
നിയോം ഇത്തരത്തിലുള്ള 8 ഇലക്ട്രിക്ക് ഷട്ടിൽ ഷിപ്പുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഷിപ്പുകൾ നിർമ്മിക്കുന്ന സ്വീഡിഷ് കമ്പനിയായ കാൻഡെലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു വമ്പൻ ഓർഡർ ലഭിക്കുന്നത് .ഷിപ്പുകളുടെ ആദ്യ ബാച്ച് 2025 ലും 2026 ആദ്യവുമായി കാൻഡെല കമ്പനി നിയോം നഗരത്തിന് കൈമാറും.
ജല ഗതാഗതത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംവിധാനങ്ങളിൽ നിന്നും തീർത്തു വെത്യസ്തമായി മലിനീകരണം ഒട്ടും ഇല്ലാത്ത തരത്തിലാണ് പി 12 നിർമ്മിച്ചിരിക്കുന്നതെന്നാണ് കാൻഡെല കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഗുസ്താവ് ഹാസൽസ്കോഗ് പറയുന്നത്.
‘ഇന്ധന ക്ഷമതയില്ലാത്ത പതുക്കെ പോകുന്ന വലിയ ഫെറികൾക്ക് പകരമായി ചെറുതും വേഗത്തിൽ പോകുന്ന തരത്തിലുമാണ് പി 12 നിർമ്മിച്ചിരിക്കുന്നത്.ഇതു കാരണം തീരത്തു നിന്ന് പെട്ടന്ന് പുറപ്പെടാനും വേഗത്തിലുള്ള യാത്രയും പി 12 സാധ്യമാക്കുന്നു. എല്ലാ തരത്തിലുള്ള യാത്രയും ഇ ചെറു ബോട്ടിലൂടെ സാധ്യമാകുന്നു’ അദ്ദേഹം പറയുന്നു.
2023ൽ ആണ് കാൻഡെല പി 12 ഷിപ്പുകളെ കമ്പനി പുറത്തിറക്കുന്നത്. 2024ൽ ഇവ സ്റ്റോക്ക്ഹോം പൊതു ജലഗതാഗതത്തിൻ്റെ ഭാഗമായി. 80 ശതമാനത്തോളമാണ് ഇതിൻ്റെ ഇന്ധന ക്ഷമത. 20 മുതൽ 30 വരെ ആളുകളെ പി 12 ൽ ഉൾക്കൊള്ളാനാകും. വെള്ളത്തിന് താഴെയുള്ള ഭാഗത്താണ് ഇതിൻ്റെ മോട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. വളരെ ശബ്ദം കുറഞ്ഞ ഈ മോട്ടർ ജല ജീവികൾക്ക് ഒരുതരത്തിലുമുള്ള ഭീഷണിയാകുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. എറ്റവും വേഗത്തിലും ഏറ്റവും കൂടുതൽ ദൂരത്തിലും സഞ്ചരിക്കുന്ന ഇലക്ട്രിക്ക് പാസഞ്ചർ ഷിപ്പാണ് പി 12. രണ്ട് മണിക്കൂർ കൊണ്ട് 25 നോട്ടിക്കൽ മൈൽ വരെ ദൂരം പോകാൻ ഇതിന് സാധിക്കും. ഇതിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ സംവിധാനം തിരമാലകളിൽ ഉലയാതെ സ്ഥിരതയോടെ നിൽക്കാനും സഹായിക്കുന്നു.
New Delhi,Delhi
August 21, 2024 5:31 PM IST