Leading News Portal in Kerala

തന്റെ നിലപാടിലുറച്ച് നെതന്യാഹു, വെടിനിര്‍ത്തലിനുള്ള അറബ് രാജ്യങ്ങളുടെ ആഹ്വാനം തള്ളി


ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 240ലധികം ആളുകളെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇവരെ സുരക്ഷിതരായി എത്രയും വേഗം രാജ്യത്തേക്ക് തിരികെ എത്തിക്കുക എന്നതിനാണ് എല്ലായ്‌പ്പോഴും   പരിഗണന കൊടുക്കുന്നതെന്ന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

ബന്ദികളാക്കപ്പെട്ടവരെ ഇസ്രായേലിലേക്ക് തിരികെ എത്തിക്കാതെ വെടിനിര്‍ത്തല്‍ സംഭവിക്കാന്‍ പോകുന്നില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. റാമോണ്‍ എയര്‍ഫോഴ്സ് ബേസിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍, സൗദി, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശമന്ത്രിമാര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തുകയും, വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നെതന്യാഹുവിന്റെ പ്രസ്താവന. എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അറബ് രാജ്യങ്ങളുടെ ആവശ്യത്തെ ആന്റണി ബ്ലിങ്കനും തള്ളിയിരുന്നു.