ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും, കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
വടക്കു തമിഴ്‌നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബി കടലിന് മുകളില്‍ നവംബര്‍ 8ന് ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
അതേസമയം, ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ നാലിടത്ത് ഇന്നലെ രാത്രി ഉരുള്‍പൊട്ടി. ഏഴു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഏക്കര്‍ കണക്കിന് സ്ഥലം ഒലിച്ചു പോയി. ചേരിയാറിന് സമീപം വീടിന്റെ ചുമര്‍ ഇടിഞ്ഞു ദേഹത്തു വീണ് ഒരാള്‍ മരിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുമളി-മൂന്നാര്‍ റൂട്ടില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രി യാത്ര നിരോധിച്ചു.