Leading News Portal in Kerala

സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍


പാലക്കാട്: സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച മലയാളി യൂട്യൂബര്‍ പിടിയില്‍. പാലക്കാട് തൂത സ്വദേശി അക്ഷജ് (21) ആണ് പിടിയിലായത്.
യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനുമാണ് എക്സൈസ് അക്ഷജിനെ അറസ്റ്റ് ചെയ്തത്.

യുവാവ് സമൂഹ മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി എക്സൈസ് ഉദ്യോഗസ്ഥര്‍ യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മിശ്രിതങ്ങളും 4 ലിറ്റര്‍ വൈനും കണ്ടെടുത്തു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറകള്‍, എഡിറ്റ് ചെയ്യാനും അപ്ലോഡ് ചെയ്യുന്നതിനുമായി ഉപയോഗിച്ച ലാപ്ടോപ്പുകള്‍, മൈക്കുകള്‍ എന്നിവ പിടിച്ചെടുത്തതായും യുവാവിനെ റിമാന്‍ഡ് ചെയ്തതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.