Leading News Portal in Kerala

രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍


ഇടുക്കി: മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇടുക്കി ഗാന്ധിനഗര്‍ കോളനി നീതുഭവനില്‍ നിഥിൻ(18), കൊച്ചുപൈനാവ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എന്നിവരാണ് അറസ്റ്റിലായത്.

ഇടുക്കി വാഗമണ്‍ സ്വദേശിയായ റോബര്‍ട്ട് ജോണിന്റെ ഫോണാണ് മോഷണം പോയത്. രാത്രി 11.45-ന് ആശുപത്രിയിലെ പഴയ ബ്ലോക്കിലെ ഫാര്‍മസിക്ക് മുൻവശം കിടന്ന് ഉറങ്ങിയ റോബര്‍ട്ട് ജോണിന്റെ 20,000 രൂപ വിലയുള്ള മൊബൈല്‍ഫോണാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ഫോണിന്റെ സിം കാര്‍ഡ് അഴിച്ചുമാറ്റിയ ശേഷം മെഡിക്കല്‍ കോളേജിന് സമീപമുള്ള മെഡിക്കല്‍ സ്റ്റോറിന് മുമ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറില്‍ കയറി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.

അറസ്റ്റിലായ ഒന്നാം പ്രതി നിഥിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.