Leading News Portal in Kerala

യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ വാട്ടർ മെട്രോ നേടിയെടുത്തത് വമ്പൻ ജനപ്രീതി


കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ആറ് മാസത്തിനിടെ 11.13 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ എന്ന സവിശേഷതയും കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉണ്ട്. 2023 ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാറിന് 74 ശതമാനം ഓഹരി പങ്കാളിത്തവും, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനം ഓഹരി പങ്കാളിത്തവും ഉള്ള സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.

78 ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 10 ദ്വീപുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന വാട്ടർ മെട്രോയുടെ കീഴിൽ 38 ടെർമിനലുകളും ഉണ്ട്. നിലവിൽ, വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി എന്നിങ്ങനെ 5 ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. അധികം വൈകാതെ മറ്റ് ടെർമിനലുകളിലേക്കും സർവീസ് വ്യാപിപ്പിക്കുന്നതാണ്. 1,136.83 കോടി രൂപ ചെലവിലാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കിയത്.