Leading News Portal in Kerala

നടൻ വിനോദ് തോമസിന്റെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്


കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് വിനോദ് തോമസിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് വിനോദ് തോമസ് മരണപ്പെട്ടത്. കാറിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കി ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചുവെന്നാണ് നിഗമനം. കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിലാണ് വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. അയ്യപ്പനും കോശിയും ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ വിനോദ് വേഷമിട്ടിട്ടുണ്ട്.