Leading News Portal in Kerala

ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: പൊലീസുകാരൻ പിടിയിൽ


കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാ(44)ണ് അറസ്റ്റിലായത്.

ഇന്നലെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തേക്ക് യാത്ര ചെയ്യുകയായിരുന്നു സ്ത്രീ. ഇവരുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്ന പൊലീസുകാരൻ അപമര്യാദയായി പെരുമാറുകയായിരുന്നു. മോശം പെരുമാറ്റത്തിൽ സ്ത്രീ പ്രതികരിച്ചെങ്കിലും ഇയാൾ ശല്യം തുടരുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്, ബസിൽ വെച്ച് തന്നെ സ്ത്രീ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന്, ബന്ധുക്കളെത്തി പൊൻകുന്നം പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.