Leading News Portal in Kerala

‘ജീവിതാന്ത്യം അന്തസ്സോടെ’ ഈ വർഷത്തെ പിന്റോ പ്രഭാഷണ പരമ്പരയിലെ വിഷയം | Padma Sri Dr. M R Rajagopal to deliver this year’s edition of dr. Pinto Public Lecture Series


Last Updated:

അന്തസ്സോടെയുള്ള ജീവിതാവസാനവും മരണവും എന്ന പൗരന്റെ അവകാശത്തെ സ്വാധീനിക്കുന്ന ധാർമ്മികവും നിയമപരവുമായ പരിമിതികളെയും സാധ്യതകളെയും കുറിച്ച് പ്രഭാഷണം വിശകലനം ചെയ്യും

News18News18
News18

പിന്റോ പ്രഭാഷണ പരമ്പരയിൽ (Pinto Public Lecture Series) ഈ വർഷത്തെ എഡിഷനിൽ പത്മശ്രീ ഡോ. എം ആർ രാജഗോപാൽ ‘ജീവിതാന്ത്യം അന്തസ്സോടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

അന്തസ്സോടെയുള്ള ജീവിതാവസാനവും മരണവും എന്ന പൗരന്റെ അവകാശത്തെ സ്വാധീനിക്കുന്ന ആരോഗ്യ സംവിധാനം, മെഡിക്കൽ രീതികൾ, സാമൂഹിക മനോഭാവങ്ങൾ എന്നിവയിലെ ധാർമ്മികവും നിയമപരവുമായ പരിമിതികളെയും സാധ്യതകളെയും കുറിച്ച് പ്രഭാഷണം വിശകലനം ചെയും. തുടർന്ന് സദസ്സിന് ഈ വിഷയത്തിൽ അദ്ദേഹവുമായി സംവദിക്കാം.

എം വിജയകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ പിന്റോയെ അനുസ്മരിക്കും.

ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 5. 30 ന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബറിലാണ് യോഗം.

ഡോ. എം ആർ രാജഗോപാൽ

ഇന്ത്യയിൽ പാലിയേറ്റീവ് കെയർ രംഗത്തിന് തുടക്കം കുറിച്ച് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായ ഡോ. എം. ആർ. രാജഗോപാലിനെ ‘ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്‍റെ പിതാവ്’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിട്ടുള്ളത്. 1993ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യവേ ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ആണ് കേരളത്തിലും ഇന്ത്യയിലും സാന്ത്വന പരിചരണത്തിന് തുടക്കമിട്ടത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന നിലയിലുള്ള ഒരു മാതൃകയായി ഇത് മാറുകയും പാലിയേറ്റീവ് കെയർ സേവനങ്ങളുടെ സംസ്ഥാനവ്യാപക ശൃംഖല കേരളത്തിൽ കെട്ടിപ്പടുക്കുന്ന നിലയിൽ അത് വികസിക്കുകയും ചെയ്തു. 2004ൽ അദ്ദേഹം തിരുവനന്തപുരം കേന്ദ്രീകരിച്ച് തുടക്കമിട്ട പാലിയം ഇന്ത്യ എന്ന സ്ഥാപനം ഇന്ന് ഇന്ത്യയിലുടനീളം ഈ രംഗത്ത് ലാഭേച്ഛയില്ലാതെ സേവനം നൽകിവരുന്നു. ഒപ്പം സാന്ത്വന പരിചരണരംഗത്ത് പരിശീലനം നൽകുന്നതിനായി ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസിനും അദ്ദേഹം തുടക്കമിട്ടു.

ഹിപ്പോക്രാറ്റിക്: 18 എക്‌സ്പിരിമെന്റ്‌സ് ഇൻ ജെന്റ്‌ലി ഷേക്കിംഗ് ദി വേൾഡ് (2017) എന്ന ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ രോഗികളെ പതിറ്റാണ്ടുകളായി പരിചരിക്കുന്നതിനെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്ന വാക്ക് വിത്ത് ദി വെയറി എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

ഡോ. സി. പിന്റോ

എഴുത്തുകാരനും, ആരോഗ്യപ്രവർത്തകനുമായിരുന്ന ഡോ. സി. പിന്റോ അപൂർവമായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) എന്ന രോഗത്തെത്തുടർന്ന് 2005 ൽ തന്റെ 35 ആം വയസിലാണ് അന്തരിച്ചത്. ഗൗരവമേറിയ ചർച്ചകൾക്ക് അന്തരീക്ഷം സൃഷ്ടിക്കുന്ന ഏറ്റവും മികച്ച വേദികളിൽ ഒന്നായിത്തീരുവാൻ പിന്റോ പ്രഭാഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ശൈത്യം, അഗ്നിയെ ചുംബിച്ച ചിത്രശലഭം, ഭഗവന്നൂർ പറയുന്നത്, വിരൽസ്പർശം എന്നീ നോവലുകളും പിൻ്റോയുടെ കവിതകൾ, മകൾ, ആക്രി കവിതകളും ഡോ. പിൻ്റോയുടെ പ്രസിദ്ധീകരിച്ച രചനകളാണ്.