വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു; പ്രതി കിരൺകുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു| Supreme Court freezes Vismaya case verdict accused kiran kumar gets bail
Last Updated:
ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
ന്യൂഡല്‍ഹി: വിസ്മയ കേസിലെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു. പ്രതി കിരണ്‍കുമാറിന് ജാമ്യവും അനുവദിച്ചു. സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ഇതിനെതിരേ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലില്‍ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തേ കേസില്‍ കിരണ്‍കുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് കൊല്ലം പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
2022 മെയ് 23ന് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. 12.55 ലക്ഷം രൂപ പിഴയും ചുമത്തി. മോട്ടോര്‍ വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍കുമാറിനെ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
New Delhi,New Delhi,Delhi
July 02, 2025 12:52 PM IST