കോൺഗ്രസിൽ ഖദറിന്റെ പേരിൽ തർക്കം; ചെലവ് കൂടുതൽ എന്ന് ന്യൂ ജെൻ; യുവാക്കൾക്ക് എന്താണിത്ര നീരസമെന്ന് ഓൾഡ് ജെൻ| Senior and junior leaders in Congress clash over Khadi dress
Last Updated:
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നും എന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നുമായിരുന്നു അജയ് തറയിലിന്റെ വിമർശനം
തിരുവനന്തപുരം: കോൺഗ്രസിൽ ഖദറിനെ ചൊല്ലി സീനിയർ ജൂനിയർ പോര്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവനിരയെ അണിനിരത്താനുളള കോൺഗ്രസ് നീക്കം പുറത്തു വന്നതിന് പിന്നാലെയാണ് സീനിയർ നേതാക്കൾ അമർഷം പരസ്യമാക്കിയത്. കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിച്ച് കളർ ഡ്രസ് ഇടുന്നതിന് എതിരെ അജയ് തറയിലാണ് ആദ്യം രംഗത്ത് വന്നത്. വസ്ത്രം ഏതായാലും മനസ് നന്നായാൽ മതിയെന്ന മറുപടിയുമായി കെ എസ് ശബരീനാഥനും എത്തി.
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നും എന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നുമായിരുന്നു അജയ് തറയിലിന്റെ വിമർശനം. ഇതിന് മറുപടിയുമായാണ് ശബരീനാഥൻ രംഗത്തെത്തിയത്.
കോൺഗ്രസുകാർ ഖദർ ധരിക്കുന്നത് കുറവാണെന്ന് അജയ് തറയിൽ പറഞ്ഞത് സത്യമാണ് എന്നാൽ അതിനൊരു കാരണമുണ്ട്. ഞാൻ വസ്ത്രധാരണത്തിൽ അത്ര കാർക്കശ്യം പാലിക്കുന്ന ഒരാൾ അല്ല. ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാൽ നേര് പറഞ്ഞാൽ തൂവെള്ളഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല. ഒന്ന്, ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട് എന്നാലോ എളുപ്പമാണ്.രണ്ട്, ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്. അതിനാൽ വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി, അല്ലെ? എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിലാണ് അജയ് തറയിൽ ഖദർ ധരിക്കണമെന്ന് ആവശ്യപ്പെട്ടത്.
അജയ് തറയിലിന്റെ പോസ്റ്റിന്റെ പൂർണരൂപം
‘യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം ഖദർ വസ്ത്രവും മതേതരത്വവുമാണ്. കോൺഗ്രസിന്റെ അസ്ഥിത്വം. ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കുന്നത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത്.’
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 02, 2025 12:28 PM IST
കോൺഗ്രസിൽ ഖദറിന്റെ പേരിൽ തർക്കം; ചെലവ് കൂടുതൽ എന്ന് ന്യൂ ജെൻ; യുവാക്കൾക്ക് എന്താണിത്ര നീരസമെന്ന് ഓൾഡ് ജെൻ