ഹൃദയാകൃതിയിൽ അണിനിരന്നത് 310 വിദ്യാർഥികൾ; ഡോ. എൻ. പ്രതാപ് കുമാറിന് 17 രാജ്യങ്ങളിലെ സേവനത്തിന് അംഗീകാരം
തിരുവനന്തപുരം: ലോക ഹൃദയദിനത്തിൽ ഹൃദയാരോഗ്യ ബോധവത്കരണത്തിന് വേറിട്ട മാതൃക തീർത്ത് മെഡിട്രീന ആശുപത്രിയും നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും. 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല തീർത്ത് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിച്ചതിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി. മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാറിന്റെ അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം ലോക റെക്കോർഡ് അംഗീകാരം ലഭിച്ചു.
ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ‘ചലിക്കുന്ന ഹൃദയം’ പരിപാടി. വിദ്യാർഥികൾ ഹൃദയത്തിന്റെ രൂപത്തിൽ അണിനിരന്ന് ഒരുമിച്ച് കാർഡിയോ എക്സർസൈസ് അവതരിപ്പിച്ചത് ശ്രദ്ധേയമായി. മെഡിട്രീന ആശുപത്രിയുടെയും സെന്റ് ജോൺസ് സ്കൂളിന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിപാടി.
17 രാജ്യങ്ങളിലെ സേവനത്തിന് അംഗീകാരം
ഇന്ത്യയ്ക്ക് പുറമെ 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനാണ് ഡോ. എൻ. പ്രതാപ് കുമാറിന് രണ്ടാമത്തെ റെക്കോർഡ് അംഗീകാരം. മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ്, ഫിലിപ്പീൻസ്, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ സങ്കീർണമായ ഹൃദയചികിത്സാ നടപടിക്രമങ്ങൾ നടത്തുന്നതിനൊപ്പം അവിടുത്തെ കാർഡിയോളജിസ്റ്റുകൾക്ക് പരിശീലനവും നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അംഗീകാരം പരിശോധിച്ച് പ്രഖ്യാപിച്ചു
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വേൾഡ് റെക്കോർഡ്സ് യൂണിയൻ റെക്കോർഡ്സ് മാനേജർ ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റും വേൾഡ് റെക്കോർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയയും നേട്ടങ്ങൾ പരിശോധിച്ച് അംഗീകരിച്ചു. തുടർന്ന് ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റ് റെക്കോർഡ് പ്രഖ്യാപനവും സൈറ്റേഷൻ അവതരണവും നടത്തി.
ഡോ. എൻ. പ്രതാപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. സീനിയർ കാർഡിയോളജിസ്റ്റ് ഡോ. മനു ഹൃദയദിന സന്ദേശം നൽകി. മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ്, ഫാ. നിധീഷ് വള്ളിയത്ത്, ബിജു ജോൺ, അജീഷ് കുമാർ ആർ.സി. തുടങ്ങിയവർ പങ്കെടുത്തു.




