Leading News Portal in Kerala

‘ലീഡർ വിളിക്ക് യോഗ്യൻ കരുണാകരൻ മാത്രം, വികസന കേരളത്തിന്റെ നായകനെന്ന് വിളിക്കാവുന്ന മുഖ്യമന്ത്രി’: രമേശ് ചെന്നിത്തല | Ramesh Chennithala praises K Karunakaran


Last Updated:

രാഷ്ട്രീയ ജീവിതത്തിൽ ആർക്കെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ നിറഞ്ഞുനിൽക്കുന്ന പേര് കെ. കരുണാകരൻ്റെതാണെന്ന് രമേശ് ചെന്നിത്തല കുറിച്ചു

News18News18
News18

ജന്മവാർഷിക ദിനത്തിൽ കെ കരുണാകരനെ പ്രശംസിച്ച് രമേശ് ചെന്നിത്തല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒറ്റ ലീഡറേ ഉണ്ടായിട്ടുള്ളു. അത് കെ. കരുണാകരനായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്. അതു പോലൊരു തലയെടുപ്പ് കേരള രാഷ്ട്രീയത്തിൽ മുമ്പുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള രാഷ്ട്രീയത്തിൽ അത്രമാത്രം വേറിട്ട് നിൽക്കുന്നു കെ കരുണാകരൻ എന്ന രാഷ്ട്രീയ ഹിമവാൻ. കരുണാകരന്റെ തലയെടുപ്പുള്ളയൊരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയില്ലെന്നും ചെന്നിത്തല എഴുതി. ക്യാപ്റ്റൻ വിവാദങ്ങൾക്കിടെ കെ കരുണാകരന്റെ ജന്മവാർഷിക ദിനത്തിലാണ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒറ്റ ലീഡറേ ഉണ്ടായിട്ടുള്ളു. അത് കെ. കരുണാകരനായിരുന്നു. അതു പോലൊരു തലയെടുപ്പ് കേരള രാഷ്ട്രീയത്തിൽ മുമ്പുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. അത്രമാത്രം വേറിട്ട് നിൽക്കുന്നു കെ കരുണാകരൻ എന്ന രാഷ്ട്രീയ ഹിമവാൻ.

കേരളത്തിന് അദ്ദേഹം വികസന കാഴ്ചപ്പാടുകളെ മാറ്റിമറിച്ച വിഷനറി ആയിരുന്നു. മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത വഴികളിലൂടെ കടന്നു പോയ ഒരാൾ.

ജനങ്ങളിൽ നിന്ന് പണം പിരിച്ച് അവരെ ഉടമകളാക്കി ഒരു വിമാനത്താവളം ഉണ്ടാക്കാം എന്നൊരു ആശയം ലോകത്ത് ഒരു ഭരണാധികാരിയുടെ മനസ്സിൽ പോലും ഉദിച്ചിരിക്കാൻ ഇടയില്ല. അത്തരം ഒരു ആശയത്തിന് ബീജാവാപം ചെയ്യുക മാത്രമല്ല അത് ഉണ്ടാക്കി ലോകത്തിന് ലീഡർ കാട്ടി കൊടുക്കുക കൂടി ചെയ്തു. അങ്ങനെ കൊച്ചിൻ എയർപോർട്ട് പിറന്നു. ജനങ്ങളുടെ വിമാനത്താവളം.

വികസനത്തിന്റെയും ആശയങ്ങളുടെയും കാര്യത്തിൽ ആരും ധൈര്യപ്പെടാത്ത മാർഗങ്ങളിലൂടെ അദ്ദേഹം മുന്നോട്ട് പോയി. വികസന കേരളത്തിന്റെ നായകൻ എന്ന് മനസ്സറിഞ്ഞ് വിളിക്കാവുന്ന ഒരേയൊരു മുഖ്യമന്ത്രി.

എൻറെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ ആർക്കെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ നിറഞ്ഞുനിൽക്കുന്ന പേര് കെ. കരുണാകരൻ്റെതാണ്.

എനിക്ക് അദ്ദേഹം ഗുരുവായിരുന്നു. വഴികാട്ടിയായിരുന്നു. പിതൃതുല്യനായിരുന്നു.

എൻറെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയുംഓരോ ഘട്ടങ്ങളിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. പ്രിയ ഗുരുവിൻറെ ജന്മവാർഷിക വേളയിൽ അദ്ദേഹത്തിൻറെ പാദങ്ങളിൽ എൻ്റെ സ്മരണാഞ്ജലികൾ!

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ലീഡർ വിളിക്ക് യോഗ്യൻ കരുണാകരൻ മാത്രം, വികസന കേരളത്തിന്റെ നായകനെന്ന് വിളിക്കാവുന്ന മുഖ്യമന്ത്രി’: രമേശ് ചെന്നിത്തല