‘അപമാനകരം’; ഉപരാഷ്ട്രപതിയുടെ ’ഭക്ഷ്യപരിശോധനാ’ ചുമതല ഡോക്ടർമാർക്ക്; ആരും ഡ്യൂട്ടിക്ക് കയറില്ല| Kerala Doctors Defy Food Testing Order During Vice President Jagdeep Dhankars Visit
Last Updated:
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ കേരള സന്ദർശന വേളയിൽ ആരോഗ്യ വകുപ്പ് മൂന്ന് സർക്കാർ ഡോക്ടർമാരെ ‘ഭക്ഷ്യ പരിശോധനാ ഓഫീസർമാരായി’ നിയമിച്ചതിനെത്തുടർന്ന് വിവാദം
ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അസാധാരണമായ നിർദ്ദേശം വിവാദമായി. മൂന്ന് സർക്കാർ ഡോക്ടർമാരെ ‘ഭക്ഷ്യ പരിശോധനാ’ ചുമതല നല്കി നിയമിക്കുകയായിരുന്നു. ഉപരാഷ്ട്രപതിക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ചുമതല ഇവർക്ക് നൽകിയതാണ് വിവാദമായത്. സാധാരണഗതിയിൽ ഈ ജോലി ഡോക്ടർമാരുടെ കീഴിൽ വരുന്നതല്ല.
സാധാരണഗതിയിൽ വിഐപി സന്ദർശന വേളയിൽ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ തയ്യാറായ ഒരു നിയുക്ത മെഡിക്കൽ സംഘത്തിന്റെ ഭാഗമാണ് ഡോക്ടർമാർ. എന്നാൽ, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ് മൂന്ന് ഡോക്ടർമാരോട് ഭക്ഷ്യ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. മെഡിക്കൽ വൈദഗ്ധ്യവുമായി ബന്ധമില്ലാത്തതിനാല്‍ ഈ ചുമതല നിർവഹിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയായിരുന്നു.
മൂന്ന് ഡോക്ടർമാരോടും വിവിധ സ്ഥലങ്ങളിലെ ഭക്ഷണ പരിശോധനാ ചുമതലകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടനാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഒരു അസിസ്റ്റന്റ് സർജനെ കൊച്ചി വിമാനത്താവളത്തിലെ എയർലൈൻ കാറ്ററിംഗ് യൂണിറ്റായ CAFS-ൽ നിയമിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഒരു വനിതാ മെഡിക്കൽ ഓഫീസറെ ആലുവ ഗസ്റ്റ് ഹൗസിലേക്കാണ് നിയോഗിച്ചത്. മറ്റൊരു ഡോക്ടറെ എറണാകുളം ഗസ്റ്റ് ഹൗസിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ മൂന്ന് പേരിൽ ആരും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ല.
“ഈ ഡ്യൂട്ടി നിർവഹിക്കാൻ സാധിക്കാത്തതിനാൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് എത്തിയില്ല. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങൾ അത്തരം ഡ്യൂട്ടി ഏറ്റെടുക്കില്ല,” കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഡോക്ടർമാരെ ഭക്ഷ്യപരിശോധനാ ചുമതലയ്ക്കായി നിയമിക്കാനുള്ള തീരുമാനത്തെ അപ്രായോഗികവും അപമാനകരവുമെന്നാണ് അസോസിയേഷൻ വിശേഷിപ്പിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരല്ല, ഭക്ഷ്യ സുരക്ഷയിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
പ്രതിഷേധത്തെത്തുടർന്ന്, അധികൃതർ പിന്മാറി. ഡോക്ടർമാരെ ഡ്യൂട്ടി ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചതുമില്ല. അതേസമയം, വിവാദത്തെക്കുറിച്ച് ആരോഗ്യ വകുപ്പിൽ നിന്നോ എറണാകുളം ജില്ലാ ഭരണകൂടത്തിൽ നിന്നോ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.
“ഡോക്ടർമാർ ഈ ഡ്യൂട്ടി നിർവഹിക്കാത്തത് ഞങ്ങൾ അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കരുത് എന്നതിനാലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയിലും ഞങ്ങൾ അത്തരം ഡ്യൂട്ടി ഏറ്റെടുക്കില്ല” എന്ന് അസോസിയേഷന്റെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
July 08, 2025 2:07 PM IST