സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ | Child rights commission suomoto in death of Kozhikode infant anaesthesia for circumcision
Last Updated:
ആംബുലൻസിൽ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ,എസ്എച്ച്ഒ എന്നിവർ റിപ്പോർട്ട് നൽകാനാണ് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാനാണ് നിർദേശം. കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. പിന്നാലെ കുഞ്ഞ് മരിച്ചെന്ന് അറിയിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്. കോഴിക്കോട് കാക്കൂരിലെ കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചായിരുന്നു സംഭവം.
അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു .
ആംബുലൻസിൽ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഈ ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരുന്നിന്‍റെ അലർജിയാണോ അതോ മറ്റെന്തെങ്കിലും വീഴ്ചയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.
Kozhikode,Kerala
July 07, 2025 5:29 PM IST