‘മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്’: ആർ.ബിന്ദു | Minister Dr. R. Bindu criticizes the Governor Rajendra Arlekar
Last Updated:
കേരളത്തിൽ കാവിവത്കരണത്തിന്റെ അനുരണനങ്ങൾ കടന്നുവരുന്നുണ്ടെന്ന് ആർ.ബിന്ദു പറഞ്ഞു
കോട്ടയം: ഗവർണർ രാജേന്ദ്ര ആർലേക്കറിനെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്ന് മന്ത്രി പറഞ്ഞു. സർവകലാശാല ഭരണസമിതി എന്നനിലയിൽ സിൻഡിക്കേററിന് നിഷിപ്തമായിട്ടുള്ള അധികാരമുണ്ട്. എല്ലാവർക്കുമുള്ള അധികാരങ്ങളും ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുള്ള നിയമവുമുണ്ട്. അതനുസരിച്ച് എല്ലാവരും ചുനതല വഹിച്ചാൽ പ്രശ്നം തീരും. അതിനപ്പുറമുള്ള കടന്നുകയറ്റമാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കാവിവത്കരണത്തിന്റെ അനുരണനങ്ങൾ കടന്നുവരുന്നുണ്ടെന്ന് ആർ.ബിന്ദു പറഞ്ഞു. ഉത്തരവാദപ്പെട്ടവർ അതിന് നേതൃത്വം കൊടുക്കുന്നുമുണ്ട്. സിൻഡിക്കേറ്റ് നിയമനാധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നതസമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
സിൻഡിക്കേറ്റാണ് രജിസ്ട്രാറുടെ നിയമനാധികാരി. രജിസ്ട്രാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണുള്ളത്. വി സി തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബത്തിനൊപ്പം സർക്കാർ കൂടെയുണ്ടാകുമെന്ന് ബിന്ദുവിന്റെ മകൻ നവനീതിനോട് മന്ത്രി പറഞ്ഞു. തനിക്ക് ജോലി വേണ്ടെന്നും സഹോദരി നവമിക്ക് നല്ല ചികിത്സ നൽകി സുഖപ്പെടുത്തിയാൽ മതിയെന്നും നവനീത് പറഞ്ഞു. അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.
Kottayam,Kerala
July 09, 2025 10:26 AM IST