കേരള സർവകലാശാല: പ്ലാനിങ് ഡയറക്ടർ ഡോ:മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല | Kerala University Planning Director Dr. Mini Kappan takes charge as Registrar
Last Updated:
ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാർ അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ കേരള സർവകലാശാലയിൽ നടപടികൾ തുടരുന്നു. പ്ലാനിങ് ഡയറക്ടർ ഡോ:മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിക്കൊണ്ട് വിസി ഡോ:സിസാ തോമസ് ഉത്തരവിട്ടു. അവധിയിൽ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റി. പകരം ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി താൽക്കാലിക വിസി സിസ തോമസ് നിയമിച്ചു. ഭരണവിഭാഗത്തിൽ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് വൈസ് ചാൻസലർ മാറ്റുകയും ചെയ്തിട്ടുണ്ട്.
വിസി യുടെ അനുമതി കൂടാതെ ജോയിൻറ് രജിസ്റ്റർ ഹരികുമാർ സസ്പെൻഷനായ രജിസ്ട്രാർ അനിൽകുമാറിന് ചാർജ് കൈമാറ്റം ചെയ്തതതും, അനിൽകുമാർ അനധികൃതമായി ജോലിയിൽ പ്രവേശിച്ചതും നിയമപദേശം വാങ്ങിയശേഷം നടപടി കൈക്കൊള്ളും. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി നിയമ വിരുദ്ധമെന്നും വിസി അറിയിച്ചു. ഗവർണർക്ക് സിസ തോമസ് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തിൽ ജോയിന്റ് രജിസ്ട്രാറോട് വി സി ചുമതലയുള്ള ഡോ. സിസ തോമസ് വിശദീകരണം തേടിയിരുന്നു. അതേസമയം, ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി.
ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാർ അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തത്. എന്നാൽ, ഞായറാഴ്ച ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് ഇന്നലെ സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. എന്നാൽ, സസ്പെൻഷൻ റദ്ദാക്കിയില്ലെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
സിൻഡിക്കേറ്റ് യോഗം ബഹളത്തെത്തുടർന്ന് താൽക്കാലിക വൈസ് ചാൻസലർ ഡോ സിസ തോമസ് പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാർ യോഗത്തിൽ സംബന്ധിച്ചതിനാലും വി സി റിപ്പോർട്ട് തേടിയിരുന്നു. ഇന്ന് രാവിലെ 9 മണിയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ വിസിക്ക് മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാർ ഹരികുമാർ രണ്ടാഴ്ചത്തെ അവധിയിൽ പ്രവേശിക്കുകയായിരുന്നു.
Thiruvananthapuram,Kerala
July 07, 2025 2:19 PM IST