KEAM പുനഃക്രമീകരിച്ച കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലടക്കം വലിയ മാറ്റം government publishes revised KEAM rank list major changes including in first rank
Last Updated:
പുതിയ റാങ്ക് ലിസ്റ്റിൽ കേരള സിലബസിലെ ഒരുപാട് വിദ്യാർത്ഥികൾ പിന്നിലായി
കോടതി നിർദ്ദേശം അംഗീകരിച്ച് സർക്കാർ പുനഃക്രമീകരിച്ച പുതിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതുക്കിയ റാങ്ക് ലിസ്റ്റിലുള്ളത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് പുനഃക്രമീകരിച്ച പുതിയ കീം റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്.എറണാകുളം സ്വദേശി ഹരികേഷൻ ബൈജുവിനാണ് രണ്ടാം റാങ്ക്. പഴയ ലിസ്റ്റില്‍ ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വാ ജേക്കബ് തോമസിന്.പഴയ ഫോർമുല വച്ചാണ് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചത്.
പുതിയ റാങ്ക് ലിസ്റ്റിൽ കേരള സിലബസിലെ ഒരുപാട് വിദ്യാർത്ഥികൾ പിന്നിൽ പോയി. ആദ്യ 100 റാങ്കിൽ 21 പേര് കേരള സിലബസുകാരാണ്. പഴയ പട്ടികയിൽ കേരള സിലബസിലെ 43 പേരായിരുന്നു ആദ്യ നൂറിൽ ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ ആദ്യ നൂറിൽ 79 പേർ സിബിഎസ്ഇ സിലബസകാരാണ്.
കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചതിനെത്തുടർന്നാണ് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പുറത്തിറക്കിയത്.ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ അപ്പീൽ ഡിവിഷണ ബഞ്ച് തള്ളുകയായിരുന്നു.
സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മാരായ അനിൽ കെ നരേന്ദ്രൻ മുരളി കൃഷ്ണ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ച സാഹചര്യത്തിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് വ്യാഴാഴ്ച തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും പറഞ്ഞിരുന്നു.
Thiruvananthapuram,Kerala
July 10, 2025 10:25 PM IST