Leading News Portal in Kerala

13-ാമത് ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് three-day Global Diabetes Convention in Thiruvananthapuram; Over 1500 doctors from 8 countries to participate


Last Updated:

8 രാജ്യങ്ങളില്‍ നിന്ന് 1500-ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കും

News18News18
News18

തിരുവനന്തപുരം: ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2025ന്റെ (ജെപിഇഎഫ്) പതിമൂന്നാം പതിപ്പിന് ജൂലൈ 11ന് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ തുടക്കമാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ജെപിഇഎഫിന്റെ 13-ാം പതിപ്പില്‍ 8 രാജ്യങ്ങളില്‍ നിന്നായി 1500-ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് കണ്‍വെന്‍ഷന്‍ സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

ഒപ്പം ഡയബറ്റീസ് ചികിത്സയിലും പ്രതിരോധത്തിലും പങ്കാളികളായ നഴ്സുമാര്‍, ഡയറ്റീഷ്യന്മാര്‍, എഡ്യുക്കേറ്റര്‍മാര്‍ എന്നിവരും സംബന്ധിക്കും. 8 രാജ്യങ്ങളില്‍ നിന്നായി 160ഓളം പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിക്കും. ഡോ. തദയ് ബാറ്റലീനോ (സ്ലോവേനിയ), ഡോ. ജൂലിയ മേഡര്‍ (ഓസ്ട്രിയ), ഡോ. പൊളീന പൊപോവ (റഷ്യ), ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോ. ബെന്‍ഷി സബൂ, ഡോ. ശശാങ്ക് ജോഷി, ഡോ. ജോര്‍ജി അബ്രഹാം, അയിഷത്ത് ഷിരുഹാന എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

ഉദയ സമുദ്രയിലെ മൂന്നു വേദികളിലായി നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ഡയബറ്റീസ് ചികിത്സാ-പ്രതിരോധ രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള പ്രധാന മാറ്റങ്ങളും നൂതന ചികിത്സാരീതികളും സാങ്കേതികവിദ്യകളും ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുമെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാജ്യത്തെ എല്ലാ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ നിന്നും അക്കാഡമിക് ആശുപത്രിയില്‍ നിന്നുമുള്ള ഗവേഷണ ഫലങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഗോവി, ലിബ്രെ 2 പ്ലസ്, സിബ്രാവാ തുടങ്ങിയ നൂതന ഔഷധങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചുമുള്ള പരിശീലനക്ലാസ്സുകള്‍ എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുമെന്ന് ചീഫ് ഓര്‍ഗനൈസര്‍ ഗോപിക കൃഷ്ണന്‍ പറഞ്ഞു.

രോഗികളുമായുള്ള തല്‍സമയ അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, മെഡിക്കല്‍ ക്വിസ്, ഡയബറ്റീസ് ടെക്‌നോളജി എക്‌സ്‌പോ, അവയവ സംരക്ഷണത്തിനു വേണ്ടിയുള്ള ഔഷധങ്ങള്‍, തുടര്‍ച്ചയായ ഗ്ലൂക്കോസ്സ് നിരീക്ഷണത്തിനു വേണ്ടിയുള്ള പുതിയ പരിഹാരങ്ങള്‍ തുടങ്ങി ഏറ്റവും നൂതനമായ ചികില്‍സാരീതികളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടക്കും. കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കപ്പെടുന്ന പ്രധാന ഗവേഷണങ്ങള്‍ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഡയബറ്റീസ് ആന്‍ഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിക്കുമെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍ പറഞ്ഞു.