Leading News Portal in Kerala

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു Kerala Governor orders investigation into alleged misuse of Digital University funds


Last Updated:

ഡിജിറ്റൽ സർവകലാശാലയിൽ‌ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ സിസ തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനം

കേരള ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍കേരള ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍
കേരള ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍

കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ (ഡിയുകെ) ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളില്‍ പോലീസ് അന്വേഷണത്തിന് നിർദ്ദേശിച്ച ഗവര്‍ണര്‍ സര്‍വകലാശാല ഫണ്ടുകളുടെ സമഗ്രമായ ഓഡിറ്റ് നടത്താന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഫീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഡിജിറ്റൽ സർവകലാശാലയിൽ‌ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടികൊണ്ട് വൈസ് ചാന്‍സലര്‍ സിസ തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനം. സര്‍വകലാശാലയുടെ ഫണ്ട് വിനിയോഗിച്ചതില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായും സമഗ്രമായ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐടി വകുപ്പിന് കീഴിലുള്ള ഡിജിറ്റൽ സർവകലാശാലയുടെ പ്രോ ചാൻസലർ മുഖ്യമന്ത്രിയാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ഫണ്ട് ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍വകലാശാല വഴി നടപ്പാക്കിയ ഗ്രാഫീന്‍ ഗവേഷണ പദ്ധതിയില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 98.45 കോടി രൂപയുടേതാണ് ഗ്രാഫീന്‍ ഗവേഷണ പദ്ധതി. ഗ്രാഫീന്‍ അറോറ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ ഒരു സ്വകാര്യ സ്ഥാപനമായിരുന്നു പങ്കാളി. എന്നാല്‍ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനുശേഷമാണ് ഇങ്ങനെയൊരു സ്ഥാപനം തന്നെ നിലവില്‍ വന്നത്. ഔദ്യോഗിക നടപടികള്‍ക്കു മുമ്പ് തന്നെ ഈ സ്ഥാപനത്തിന് സര്‍വകലാശാല തുക കൈമാറുകയും ചെയ്തു.

എന്നാല്‍, പിന്നീട് ചില ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയെ തന്നെ നേരിട്ട് ആ ചുമതലകള്‍ ഏല്‍പ്പിക്കുകയായിരുന്നു. 2024-25 കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള 3.94 കോടി രൂപ സര്‍വകലാശാല സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതായി വിസി തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ഥാപനം ഉദ്യോഗസ്ഥരുടെ ഭക്ഷണം, യാത്ര, താമസ ചെലവുകള്‍ സംബന്ധിച്ച ബില്ലുകള്‍ ഹാജരാക്കിയെന്നും ഇത് ഫണ്ട് ദുരുപയോഗം ചെയ്തതായി സംശയം ജനിപ്പിച്ചുവെന്നും വിസിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇതിനുപുറമേ സര്‍വകലാശാലയുടെ പേരില്‍ അനുവദിച്ച പദ്ധതികള്‍ അധ്യാപകര്‍ അവരുടെ സ്വന്തം പേരിലുള്ള കമ്പനികള്‍ വഴി ഏറ്റെടുത്ത് നടത്തുന്നതായും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അത്തരം പദ്ധതികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ സര്‍വകലാശാലയുടെ വിഭവങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

സര്‍വകലാശാല പാട്ടത്തിനെടുത്ത് ഏകദേശം 2.9 കോടി രൂപ ചെലവിട്ട് നവീകരിച്ച കെട്ടിടം യൂണിവേഴ്‌സിറ്റിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ താമസിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും വിസി റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വാടക നല്‍കിയതും അറ്റകുറ്റപ്പണി നടത്തിയതും സര്‍വകലാശാല ഫണ്ട് ഉപയോഗിച്ചാണ്.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നിയമപരമായ ഓഡിറ്റോ പുറത്തുനിന്നുള്ള ഏജന്‍സിയുടെ ഓഡിറ്റോ നടത്തിയിട്ടില്ലെന്നും സിസ തോമസ് ചൂണ്ടിക്കാട്ടി. വലിയ പൊതു ഫണ്ടുകള്‍ ഉള്‍പ്പെട്ടതിനാലും പദ്ധതികളുടെ എണ്ണത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലും സര്‍വകലാശാല ഫണ്ട് വിനിയോഗം സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായ ഓഡിറ്റ് ആവശ്യമാണെന്നും വിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിനും ഓഡിറ്റിനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.