Leading News Portal in Kerala

‘ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശചെയ്യുന്നു, ക്രൈസ്തവരോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പ്’; ബിജെപിക്കെതിരേ കത്തോലിക്ക സഭ മുഖപത്രം| catholic church mouthpiece criticize bjp for their double standard


Last Updated:

‘ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ കേരളത്തിലും ഗോവയിലുമുള്‍പ്പെടെ ക്രൈസ്തവര്‍ക്കൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുകയും ഉത്തരേന്ത്യയിലും ഒഡിഷ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുകയും ചെയ്യുന്നു’

ദീപിക മുഖപ്രസംഗംദീപിക മുഖപ്രസംഗം
ദീപിക മുഖപ്രസംഗം

തിരുവനന്തപുരം: ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തിൽ ഇരട്ടത്താപ്പെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് വിമര്‍ശിക്കുന്നു. ഗോവയിലും കേരളത്തിലുമുള്‍പ്പെടെ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ബിജെപിയുടെ ഇരട്ടത്താപ്പ് നയം അങ്ങേയറ്റം അപമാനകരമാണ്. ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ കേരളത്തിലും ഗോവയിലുമുള്‍പ്പെടെ ക്രൈസ്തവര്‍ക്കൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുകയും ഉത്തരേന്ത്യയിലും ഒഡിഷ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുകയും ചെയ്യുന്നു. മഹാരാഷ്ട്രയില്‍ വൈദികര്‍ക്കും മിഷണറിമാര്‍ക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം വാഗ്ദാനം ചെയ്ത ബിജെപി എംഎല്‍എ ഗോപിചന്ദ് പദല്‍ക്കര്‍ക്കെതിരേയും വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ഇതും വായിക്കുക: Exclusive| കേരള കോൺഗ്രസിനോട് ഉദാര സമീപനം; ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് തർക്കം പാടില്ലെന്ന് സിപിഎം

ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗീയതയും ആളിക്കത്തിച്ച് നേട്ടംകൊയ്യുകയാണ് ബിജെപി. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്ത് നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്? കിരാത മതപരിവര്‍ത്തന നിയമം കൊണ്ടുവരുന്നത് വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നുവെന്നാണ് ബിജെപി എംഎല്‍എമാര്‍ ആരോപിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിലവില്‍ത്തന്നെ നിയമങ്ങളുണ്ട്. പള്ളി നിര്‍മാണങ്ങള്‍ വ്യാപിക്കുന്നുവെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ആറുമാസത്തിനകം അനധികൃത പള്ളികള്‍ പൊളിച്ചുമാറ്റുമെന്നാണ് മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞത്. അനധികൃതമായി പള്ളികള്‍ നിര്‍മിക്കുക എന്നത് കത്തോലിക്ക സഭയുടെ അജണ്ടയിലുള്ള പ്രവൃത്തിയല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരേ 4316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2024ല്‍ മാത്രം 834 ആക്രമണങ്ങളുണ്ടായി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ല്‍ ഇത് 127 ആയിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് നിരവധി എഫ്‌ഐആറുകളും അറസ്റ്റുകളുമുണ്ടായി. ഇത്തരത്തില്‍ രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശചെയ്യുന്നു, ക്രൈസ്തവരോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പ്’; ബിജെപിക്കെതിരേ കത്തോലിക്ക സഭ മുഖപത്രം