വാക്ക് പാലിക്കാൻ സാധിച്ചില്ല; നെടുമങ്ങാട് നഗരസഭയിലെ സിപിഎം കൗൺസിലർ രാജിവച്ചു| CPM councilor in Nedumangad municipality resigns citing failure to keep promise
Last Updated:
വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവനും ജനപ്രതിനിധിയായി തുടരാൻപാടില്ലെന്ന് രാജിക്കത്തില്‍ പറയുന്നു
തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിയാത്തതിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് നെടുമങ്ങാട് നഗരസഭയിലെ സിപിഎം കൗൺസിലർ സ്ഥാനം രാജിവച്ചു. കൊപ്പം വാർഡ് കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി രാജീവാണ് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവനും ജനപ്രതിനിധിയായി തുടരാൻപാടില്ലെന്ന് രാജിക്കത്തില്‍ പറയുന്നു.
രാജിക്കത്തിൽ പറയുന്നത്- ‘ഒരു പ്രദേശത്തെ ജനതയുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു കുന്നം വലിയ പാലം. തദേശ തിരഞ്ഞെടുപ്പിന് മുൻപ് ഇതു തുറന്നുകൊടുക്കാം എന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിൽ ദുഃഖവും നിരാശയും ഉണ്ട്. നിലവിൽ ചെറിയ താൽക്കാലിക നടപ്പാലം നിർമിച്ച് വലിയ പാലത്തിന്, നിലവിൽ 1.50 കോടി അനുവദിച്ചു കൊണ്ടുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു എങ്കിലും പാലത്തിന്റെ നിർമാണത്തിനും അനുബന്ധ റോഡിനുള്ള സ്ഥലവും ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ഇപ്പോഴും അവ്യക്തം, കുന്നം വലിയ പാലം ഇനിയും സ്വപ്നങ്ങളിൽ.
ഉപതിരഞ്ഞടുപ്പ് എന്ന ദുരന്തം വിളിച്ചുവരുത്താതിരിക്കാൻ വേണ്ടിയാണ് എന്റെ രാജി കുറച്ച് ദിവസം നീണ്ടത്. ഇന്നലെ വരെ നിങ്ങൾ ഓരോരുത്തരും എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി. വാക്ക് പാലിക്കാൻ കഴിയാത്തവനും, ഒരു നാടിന്റെ വിശ്വാസം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവൻ ജനപ്രതിനിധി ആയി തുടരാൻപാടില്ല. കൂടാതെ അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നാണക്കേട് വരും അത് ഒഴിവാക്കുന്നു. ഒരുപക്ഷേ എന്റെ വിടവാങ്ങൽ ഈ നാടിന് അർഹതപ്പെട്ട പാലത്തിന് നിർമാണ അനുമതി ലഭിക്കാൻ കാരണമായാൽ സന്തോഷം നിങ്ങളുടെ അനുവാദത്തോട് കൂടി ഞാൻ ഒഴിയുന്നു. നന്ദി.. നന്ദി…’
Nedumangad,Thiruvananthapuram,Kerala
July 16, 2025 10:25 AM IST