ഹീറോ! ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ടപ്പോൾ ജീപ്പുകൊണ്ട് സാഹസികമായി 105 ജീവൻ രക്ഷിച്ച ടി ജെ കരിമ്പനാല്‍ ഇനി ഓർമ| TJ Karimpanal hero from Kanjirappally who saved 105 lives by stopping a runway bus by using jeep passes away
Last Updated:
ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിലേക്ക് വരാൻ അപ്പച്ചൻ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവർടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുൻപിൽ ഒരാൾ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു
കോട്ടയം: കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ ടി ജെ കരിമ്പനാൽ ഓർമയായി. 87 വയസായിരുന്നു. 39 വർഷം മുൻപ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച കരുത്തന്റെ പേരാണ് ടി ജെ കരിമ്പനാൽ എന്ന അപ്പച്ചൻ കരിമ്പനാൽ.
1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി ജെ കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയിൽനിന്ന് ലേലത്തിൽ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ കെ റോഡിൽ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരായ ശബരിമല തീർത്ഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിലേക്ക് വരാൻ അപ്പച്ചൻ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവർടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുൻപിൽ ഒരാൾ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന അപ്പച്ചൻ ജീപ്പ് ബസിനു മുന്നിൽക്കയറ്റിയ ശേഷം 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു. ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവർക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവർ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി. മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയർന്ന ബസ് ഡ്രൈവർ ജീപ്പിന്റെ പിന്നിൽ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാൻ ശ്രമിച്ചു. ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു.
കുമളിയിൽനിന്ന് എരുമേലിയിലേക്കു തീർത്ഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അത്. തിരുവനന്തപുരം സിഇടി കോളജിൽനിന്നു മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് അപ്പച്ചൻ ജർമനിയിൽ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. സഹോദരന് അപകടം ഉണ്ടായതോടെ ഒരു വർഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. കോളേജ് പഠനകാലം മുതലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്ന അദ്ദേഹം പിന്നീടു മുഴുവൻസമയ പ്ലാന്ററായി.
ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ -അന്ന സെബാസ്റ്റ്യൻ, കെ ജെ തൊമ്മൻ, ത്രേസി അലക്സ്, കെ ജെ മാത്യു, കെ ജെ എബ്രഹാം, ഡോ. മരിയ. മരുമക്കൾ – സെബാസ്റ്റ്യൻ മറ്റത്തിൽ (പാലാ), അലക്സ് ഞാവള്ളി (ബെംഗളൂരു), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി), ദീപാ എബ്രഹാം മുണ്ടുകോട്ടാക്കൽ (റാന്നി), ഡോ. ജെയിംസ് മൂലശ്ശേരി (കാവാലം).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.
Kottayam,Kottayam,Kerala
July 07, 2025 7:45 AM IST
ഹീറോ! ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ടപ്പോൾ ജീപ്പുകൊണ്ട് സാഹസികമായി 105 ജീവൻ രക്ഷിച്ച ടി ജെ കരിമ്പനാല്‍ ഇനി ഓർമ