മലപ്പുറം കാളികാവിൽ രണ്ടു മാസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ കൂട്ടിലായി Man-eating tiger that terrorized people in Kalikavu malappuram for two months is now in captivity
Last Updated:
53 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് കടുവയെ പിടികൂടാനായത്
മലപ്പുറം കാളികാവിൽ രണ്ടു മാസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിലായി. 53 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് കടുവയെ പിടികൂടാനായത്.
കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. അതുവഴി നടന്നുപോയ തൊഴിലാളികളാണ് കൂട്ടിലായ കടുവയെ ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. കടുവയെ കൊണ്ടുപോകുന്നതിനു മുൻപ് വലിയ പ്രതിഷേധമായിരുന്നു സ്ഥലത്ത്. കടുവ കൂട്ടിലായതറിഞ്ഞ് നിരവധി നാട്ടുകാർ കൂടിന് ചുറ്റും തടിച്ചുകൂടി. കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യമുയർത്തി അവർ പ്രതിഷേധിച്ചുകടുവയെ മൃഗശാലയിലേക്ക് മാറ്റമെന്നും പ്രദേശവാസികൾക്ക് ഭീഷണി ഉണ്ടാകും വിധം തുറന്നുവിടില്ലെന്നും ഉറപ്പുകൊടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ കടുവയെ കൊണ്ടു പോകാൻ അനുവദിച്ചത്.
തുടർന്ന് കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷ നൽകി. അവിടെവെച്ച് കടുവ ഭക്ഷണം കഴിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കടുവയുടെ കണ്ണിന് നേരിയ കാഴ്ചക്കുറവും ചെറിയ പരിക്കും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 13 വയസ്സോളം പ്രായമുള്ള കടുവയുടെ വേട്ടപ്പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സൈലന്റ് വാലി ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയാണിത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കടുവയെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്ന് ഡി.എഫ്.ഒ ധനിക് ലാൽ അറിയിച്ചു.
കരുവാരകുണ്ട് മേഖലയിൽ മെയ് 15-നാണ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. ഈ സംഭവത്തിനു ശേഷമാണ് കടുവയെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചത്. ഗഫൂറും മറ്റൊരാളുമാണ് ടാപ്പിംഗിനെത്തിയത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലായിരുന്നതിനാൽ ഏകദേശം 50-ഓളം നിരീക്ഷണ ക്യാമറകൾ റബ്ബർ തോട്ടങ്ങളിൽ സ്ഥാപിച്ചിരുന്നു. ദൗത്യം തുടങ്ങി 53 ദിവസം പിന്നിടുമ്പോഴാണ് കടുവ സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലകപ്പെട്ടത്
Malappuram,Kerala
July 06, 2025 7:14 PM IST