Leading News Portal in Kerala

നാലുവയസ്സുകാരൻ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഷിങ് മെഷീനിൽ കുടുങ്ങി|Fire Force rescue 4 year old boy who got stuck in washing machine while playing


Last Updated:

വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്

News18News18
News18

കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് കളിക്കുന്നതിനിടയിൽ വാഷിങ് മെഷീനിനകത്ത് കുടുങ്ങി പോയത്. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞപ്പോൾ കുഞ്ഞിന്റെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് ആദ്യം കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് കുട്ടി വാഷിങ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഭയന്നുപോയ കുഞ്ഞിനെ അഗ്നിരക്ഷാസേനാംഗങ്ങൾ പരിക്കുകളില്ലാതെ പുറത്തെത്തിച്ചത്. വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഭാഗം മെഷീനിൽനിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് കുട്ടിയെ രക്ഷപെടുത്തിയത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയത്.