‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്നത് കല്ലുവെച്ച നുണ’; സത്താർ പന്തല്ലൂർ|It is a lie that Samastha is interfering in Onam-Christmas holidays says samastha leader Sathar Panthalloor
ഓണം, കൃസ്മസ് അവധികളിലെല്ലാം സമസ്ത ഇടപെടുന്നുവെന്നാണ് ചിലരുടെ കല്ല് വെച്ച നുണകളെന്നു വിശദമായ ചർച്ചകൾക്ക് വിധേയമാക്കാതെ സർക്കാർ കൊണ്ട് വന്ന ഒരു പരിഷ്കരണം വിവാദമാക്കി, വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുകയാണ് ചിലർ. സർക്കാർ ഇതിനൊന്നും അവസരം കൊടുക്കരുതായിരുന്നു. എന്നാൽ ഈ അവസരം മുതലെടുത്ത് വിദ്വേഷ പ്രചാരണം നടത്താൻ പലരും രംഗത്തിറങ്ങിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ഈ കുതന്ത്രങ്ങൾ തിരിച്ചറിയാൻ നമുക്ക് കഴിയണമെന്നും സത്താർ
സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിദ്വേഷ പ്രചാരകരെ
കരുതിയിരിക്കുക,
സ്കൂൾ സമയമാറ്റത്തിൽ സമസ്ത ചില ആശങ്കകൾ സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കോടതി വിധിയും ചില അധ്യാപക സംഘടനകളുടെ ഇടപെടലുമൊക്കെയാണ് വിഷയം ഈ അവസ്ഥയിലേക്ക് എത്താൻ സർക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആദ്യമൊക്കെ വിദ്യാഭ്യാസ മന്ത്രി നിഷേധാത്മക സമീപനം സ്വീകരിച്ചെങ്കിലും ഇപ്പോൾ ചർച്ചക്ക് സന്നദ്ധമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചർച്ച ചെയ്യാൻ സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. സ്കൂൾ സമയമാറ്റം രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പലവിധത്തിൽ ദോഷകരമായി ബാധിക്കുന്നതു പോലെ മദ്രസകളേയും ബാധിക്കുമെന്ന് യോഗം വിലയിരുത്തി. സർക്കാർ വിളിക്കുന്ന ചർച്ചയിൽ സമസ്തയുടെ ആശങ്കകളും നിർദ്ദേശങ്ങളും ഉന്നയിക്കാൻ ധാരണയായി.
നിയമപരമായും മറ്റും എല്ലാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമേ അതിൻ്റെ കരട് രേഖ തയ്യാറാവൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൻ എന്ന പേരിൽ ചില മാധ്യമങ്ങൾ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഓണം, കൃസ്മസ് അവധികളിലെല്ലാം സമസ്ത ഇടപെടുന്നുവെന്നാണ് ചിലരുടെ കല്ല് വെച്ച നുണകൾ.
ഇത് ശരിയാണന്ന ധാരണയിൽ അതിനെ എതിർത്ത് ദീപിക പത്രം ഇന്ന് മുഖപ്രസംഗവും എഴുതി. അതും മാധ്യമങ്ങൾക്ക് വാർത്തയായി. വിശദമായ ചർച്ചകൾക്ക് വിധേയമാക്കാതെ സർക്കാർ കൊണ്ട് വന്ന ഒരു പരിഷ്കരണം വിവാദമാക്കി, വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുകയാണ് ചിലർ. സർക്കാർ ഇതിനൊന്നും അവസരം കൊടുക്കരുതായിരുന്നു.
എന്നാൽ ഈ അവസരം മുതലെടുത്ത് വിദ്വേഷ പ്രചാരണം നടത്താൻ പലരും രംഗത്തിറങ്ങിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ഈ കുതന്ത്രങ്ങൾ തിരിച്ചറിയാൻ നമുക്ക് കഴിയണം. 1951 മുതൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മത വിദ്യാഭ്യാസ സംവിധാനമാണ് സമസ്തയുടെ മദ്രസകൾ. പതിനായിരത്തിലധികം മദ്രസകളിൽ പന്ത്രണ്ട് ലക്ഷം വിദ്യാർത്ഥികൾ വ്യവസ്ഥാപിതമായി പഠനം നടത്തുന്ന ബൃഹത്തായ സംവിധാനം.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമം മദ്രസകളെ ബാധിക്കാതിരിക്കാൻ 1967 ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയ (G.O.189/67 Education Dept. Date :28.4.1967) നാടാണ് കേരളം. അഥവാ സർക്കാറുകൾ അത്തരം സംവിധാനങ്ങളെ കൂടി പരിഗണിച്ചിരുന്നുവെന്നർത്ഥം. എന്നാൽ മദ്രസകളുടെ കാര്യം പറയാൻ പാടില്ലെന്ന് തിട്ടൂരവുമായിട്ടാണ് ചിലർ രംഗത്ത് വരുന്നത്.
അതൊന്നും തത്ക്കാലം ഇവിടെ വിലപ്പോവില്ല. അതിൽ വിരണ്ട പല മത സംഘടനകളും മൗനം പാലിക്കുന്നുണ്ടാവും. എന്നാൽ വിദ്വേഷ പ്രചാരണം നടത്തി സമസ്തയുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടതില്ല.
Thiruvananthapuram,Kerala
July 18, 2025 5:28 PM IST