ശബരിമലയിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു| kerala High Court blocks Tamil Nadu native’s move to install Ayyappa idol in Sabarimala
Last Updated:
രണ്ടടി ഉയരവും 108 കിലോ തൂക്കവുമുള്ള പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാനുള്ള തമിഴ്നാട് സ്വദേശിയായ ഡോക്ടറുടെ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്
കൊച്ചി: ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കാനും ഇതിനായി പൊതുജനങ്ങളിൽനിന്ന് പണം പിരിക്കാനുമുള്ള തമിഴ്നാട് ഈറോഡ് സ്വദേശിയായ ഡോക്ടറുടെ നീക്കം കേരള ഹൈക്കോടതി തടഞ്ഞു. രണ്ടടി ഉയരവും 108 കിലോ തൂക്കവുമുള്ള പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാനുള്ള ഈറോഡ് ലോട്ടസ് ആശുപത്രി ചെയർമാൻ ഡോ. ഇ കെ സഹദേവന്റെ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്.
ക്ഷേത്രാങ്കണത്തിൽ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ഇതിന്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കി വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ അറിയിപ്പ് പരസ്യപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
വിഗ്രഹം സ്ഥാപിക്കാൻ ബോർഡും സർക്കാരും അനുമതി നൽകിയെന്നും സംഭാവന സ്വീകരിക്കുമെന്നും വ്യക്തമാക്കി ഫോൺ നമ്പറും ക്യുആർ കോഡും ഇ-മെയിൽ വിലാസവുമടക്കം ഡോ. സഹദേവൻ ലഘുലേഖ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലഘുലേഖയടക്കം ഹാജരാക്കി ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
വിഗ്രഹം സ്ഥാപിക്കുന്നത് അറിഞ്ഞിട്ടില്ലെന്നും അത് ആചാരലംഘനമാണെന്നും തന്ത്രി കോടതിയെ അറിയിച്ചു. വിഗ്രഹം സ്ഥാപിക്കാനും പണപ്പിരിവിനും അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. വാദത്തിനിടെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം തേടി.
ആചാരങ്ങളെ ബാധിക്കാത്തവിധം വിഗ്രഹം സ്ഥാപിക്കുന്നതിന് സഹായം നിർദേശിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി കഴിഞ്ഞ നാലിന് കത്തയച്ചിരുന്നതായും എന്നാൽ, പണസമാഹരണത്തിന് നിർദേശിച്ചിട്ടില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഡോ. സഹദേവന് നോട്ടീസ് അയക്കാനും നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Kochi [Cochin],Ernakulam,Kerala
July 18, 2025 1:32 PM IST