Leading News Portal in Kerala

ചികിത്സ സംബന്ധിച്ച് വ്യാജപ്രചരണം; ഫെയ്സ്ബുക്ക് പേജിനെതിരെ മന്ത്രി ബാല​ഗോപാൽ പരാതി നൽകി | finance minister K N Balagopal complaint filed against Facebook page for Fake campaign


Last Updated:

തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയാണ് പ്രചരിക്കുന്നതെന്നും മന്ത്രി കുറിച്ചു

News18News18
News18

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാല​ഗോപാലിനെതിരെ വ്യീജ പ്രചരണം നടത്തിയ ഫെയ്സ്ബുക്ക് പേജിനെതിരെ പരാതി. മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കലയന്താനി കാഴ്ചകൾ എന്ന ഫെയ്സ്ബുക്ക് പേജിനെതിരെയാണ് പരാതി നൽകിയത്.

പരാതി നൽകിയ വിവരം മന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഒരു ദിവസത്തെ ഹൃദ്രോഗ ചികിത്സയ്ക്കായി മന്ത്രി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്നാണ് ഫെയ്സ്ബുക്ക് പേജിലൂടെയുള്ള വ്യാജ പ്രചരണം. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യാജ പ്രചാരണം നടത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതാണെന്നും മന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അങ്ങേയറ്റം തെറ്റായതും ഹീനവുമായ ഒരു പ്രചാരണം എനിക്കെതിരെ നടത്തിയ “കലയന്താനി കാഴ്ചകൾ” എന്ന ഫെയ്സ്ബുക്ക് പേജിനെതിരായി ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ ഞാൻ ചികിത്സ തേടിയിരുന്നു. ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി ഞാൻ വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രസ്തുത പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ്.

“അതിസമ്പന്നർ പോലും കിടക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേവലം ഒരു ദിവസം (24 മണിക്കൂർ) കിടന്നവകയിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ എഴുതി വാങ്ങിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ (1,91,601/-) ” എന്നാരംഭിക്കുന്ന പോസ്റ്റിൽ പറയുന്ന വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണ്.

2024 മെയ് 12-നായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡ്മിറ്റായത്. തുടർപരിശോധനകളിലൂടെ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14-ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തിരുന്നു. പിന്നീട് മെയ് 17-ന് ഡിസ്ചാര്‍ജ്ജാകുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കൊളേജിൽ അടച്ച തുകയുടെ റീ ഇംബേഴ്സ്മെൻ്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്. ആഞ്ജിയോപ്ലാസ്റ്റി നടത്താൻ എപിഎൽ വിഭാഗത്തിൽപ്പെട്ട ആൾക്ക് സർക്കാർ ആശുപത്രിയിൽ ചാർജ്ജ് ചെയ്യുന്ന സാധാരണ തുക മാത്രമാണിത് .

മേയ് 12ന് അഡ്മിറ്റ് ആകുകയും 17ന് ഡിസ്ചാർജ് ആകുകയും ചെയ്തതിനെയാണ് വെറും 24 മണിക്കൂർ ചികിത്സ എന്ന് പ്രചരിപ്പിക്കുന്നത്.ഒരു നിയമസഭാംഗം എന്ന നിലയിൽ ഇതിൻ്റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള സാഹചര്യമുണ്ടായിട്ടും , താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് ഞാൻ ചെയ്ത കുറ്റമെന്നാണോ ഈ പ്രചാരണം നടത്തുന്നവർ പറയുന്നത്? ഹൃദ്രോഗത്തിന് നമ്മുടെ സർക്കാർ ആശുപത്രികളിൽ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനെ സർക്കാരിൻ്റെ ഭാഗമായ ഞാനടക്കമുള്ളവർ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള പോസിറ്റീവായ സംഗതിയല്ലേ അതിൽ ചർച്ച ചെയ്യേണ്ടത്? ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാൽ സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.