Leading News Portal in Kerala

വില കുതിക്കുന്ന വെളിച്ചെണ്ണയിൽ കെർനൽ ഓയിലോ? ഭക്ഷ്യസുരക്ഷാ വകുപ്പിന് സംശയം|Is kernel oil in coconut oil Food Safety Department inspection


Last Updated:

എണ്ണപ്പനയുടെ കുരുവിൽ നിന്ന് എടുക്കുന്നതാണ് കെ‍ർനൽ ഓയിൽ

News18News18
News18

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അമിതലാഭത്തിനുവേണ്ടി കെർനൽ ഓയിൽ ചേർക്കുന്നുണ്ടോയെന്ന സംശയവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. എണ്ണപ്പനയുടെ കുരുവിൽ നിന്ന് എടുക്കുന്നതാണ് കെ‍ർനൽ ഓയിൽ. 150 രൂപയാണ് ഒരു ലിറ്റർ കെർനൽ ഓയിലിന്റെ ശരാശരി വില. വെളിച്ചെണ്ണ വില ഉയർന്നതോടെ കെർനൽ ഓയിലിന്റെ വിൽപന വർദ്ധിച്ചെന്ന വിവരമാണ് സംശയത്തിന് കാരണമായത്. കെർനൽ ഓയിൽ വെളിച്ചെണ്ണയിൽ ചേർത്താൽ അത്രപെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇത് കണ്ടെത്തണമെങ്കിൽ ശാസ്ത്രീയ പരിശോധന ആവശ്യമായിവരും.

കെർനൽ ഓയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷകരമല്ല. പക്ഷേ, വെളിച്ചെണ്ണയിൽ ചേർത്ത് അമിത വിലയ്ക്കു വിൽക്കുന്നുണ്ടോയെന്നു കണ്ടെത്താനാണു ശ്രമം. കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം താരതമ്യേന കുറവാണ്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറെയും മില്ലുകൾ. കേരളത്തിൽ തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ തേങ്ങ ഉണക്കിയെടുക്കാൻ കാലതാമസം വേണ്ടി വരും. അതിനാൽ കേരളത്തിൽ നിന്നു തേങ്ങ സംഭരിച്ചു തമിഴ്നാട്ടിലും കർണാടകയിലും എത്തിച്ച് ഉണക്കി സംസ്കരിക്കുന്നുണ്ട്. ആ സംസ്ഥാനങ്ങളിൽ വച്ചു വെളിച്ചെണ്ണയിൽ കെർനൽ ഓയിൽ ചേർത്തേക്കാമെന്നാണ് സംശയിക്കുന്നത്.

അതേസമയം , വിപണിയിൽ വെളിച്ചെണ്ണ വില 500 കടന്നു. കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി കുടിയതോടെയാണ് ചരിത്രത്തിൽ ആദ്യമായി വില 500 കടന്നത്. ഒറ്റദിവസംകൊണ്ട് ലിറ്ററിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെ നാലാമത്തെ വില വർദ്ധനയാണിത്.