Leading News Portal in Kerala

ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു; ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത KSRTC ഡ്രൈവറെ ബ്രെത്തലൈസർ ‘മദ്യപാനി’യാക്കി| KSRTC driver who drinks boiled water mixed with clove turns alcoholic while Breathalyzer test


Last Updated:

താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്തയാളാണെന്നും ആരോഗ്യകാരണങ്ങളാൽ ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചു എന്നും ‌മലയങ്കാവ് സ്വദേശിയായ സുനിൽ ന്യൂസ് 18നോട് പറഞ്ഞു

സുനിൽ‌സുനിൽ‌
സുനിൽ‌

തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും മദ്യപിക്കാത്ത കെഎസ്ആർടിസി ഡ്രൈവറെ ബ്രെത്തലൈസർ പരിശോധനക്ക് വിധേയനാക്കിയപ്പോൾ മദ്യപാനിയായി കണ്ടെത്തി. വെള്ളറട കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ വി സുനിൽ എന്ന ഡ്രൈവർക്കാണ് ബ്രെത്തലൈസർ പണി കൊടുത്തത്. താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്തയാളാണെന്നും ആരോഗ്യകാരണങ്ങളാൽ ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചു എന്നും ‌മലയങ്കാവ് സ്വദേശിയായ സുനിൽ ന്യൂസ് 18നോട് പറഞ്ഞു.

പതിവുപോലെ രാവിലെ 5 മണിക്ക് പുറപ്പെടേണ്ട വെള്ളറട കോവിലവിള ബസ്സിന്റെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു പരിശോധന. ഇതിൽ 10 പോയിന്റ് കാണിച്ചതോടെ സുനിൽ ഡ്യൂട്ടിക്ക് അയോഗ്യനായി. തുടർന്ന് സുനിൽ വെള്ളറട സ്റ്റേഷനിൽ പരാതി നൽകി പൊലീസുകാർ പരിശോധിച്ചപ്പോൾ അവിടുത്തെ ബ്രെത്തലൈസറിൽ‌ സീറോ കാണിച്ചു.ത നിക്കുണ്ടായ ദുരനുഭവത്തിൽ പരിഹാരം കാണാൻ മേലധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സുനിൽ എന്ന 52 കാരൻ.

2013 മുതൽ കെഎസ്ആർടിസി ജീവനക്കാരനായി ജില്ലയിലെ വിവിധ ഡിപ്പോകളിൽ ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി വെള്ളറട ഡിപ്പായിലാണ് സുനിൽ ജോലി നോക്കുന്നത്. യന്ത്രം ചതിച്ചത് കാരണം വെള്ളറട കോവിലവിള സർവീസും മുടങ്ങി. കഴിഞ്ഞ ആഴ്ചയിൽ പൂവാർ ഡിപ്പോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മാത്രമല്ല ചക്ക കഴിച്ചതിനെ തുടർന്ന് പന്തളം കെഎസ്ആർടിസി ഡിപ്പോയിൽ നാലു ജീവനക്കാർക്കും ഇത്തരത്തിൽ‌ പണി കിട്ടിയിരുന്നു.

പന്തളത്ത് പണിതന്ന തേൻവരിക്ക

വീട്ടില്‍ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ ചുളയുമായി എത്തിയത്. നല്ലമണവും രുചിയും ഉള്ളതായിരുന്നു. വെറുംവയറ്റിലാണെന്ന് ആലോചിക്കാതെ, ഡ്യൂട്ടിക്ക് പോകുംമുമ്പ് ഡ്രൈവര്‍മാരിലൊരാള്‍ നാലഞ്ച് ചുള അകത്താക്കി. ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ ‘ഊതിക്കല്‍’ തുടങ്ങിയപ്പോഴാണ് ചക്കയുടെ തനിസ്വഭാവം മനസ്സിലായത്. ബ്രെത്തലൈസര്‍ പൂജ്യത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി.

താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ചവരെ കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതര്‍. ഒടുവില്‍ സാംപിള്‍ പരിശോധന നടത്താമെന്നായി ജീവനക്കാര്‍. ഊതിക്കാന്‍ നിയോഗിച്ച ആള്‍തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോള്‍ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ. ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ‘ഫിറ്റാ’യപ്പോള്‍, വില്ലന്‍ ചക്കതന്നെയെന്ന് അധികൃതര്‍ ഉറപ്പിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു; ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത KSRTC ഡ്രൈവറെ ബ്രെത്തലൈസർ ‘മദ്യപാനി’യാക്കി