ചരിത്രമായി വിഎസ്സിന്റെ വിലാപയാത്ര; പ്രിയനേതാവിനെ കാണാൻ രാത്രി വൈകിയും വൻ ജനാവലി ഒഴുകിയെത്തി VS Achuthanadans mourning procession becomes history Huge crowd gathers late at night to see beloved leader
Last Updated:
ജനത്തിരക്ക് കാരണം ആദ്യ ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂര്‍ സമയം എടുത്തു
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൌതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ, പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ രാത്രി വൈകിയും വൻ ജനാവലി ഒഴുകിയെത്തി. തലസഥാനത്തിന്റെ അന്ത്യാഭിവാദ്യം എറ്റുവാങ്ങി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെ പൊതു ദർശനത്തിന് ശേഷം വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.
മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളികളോടെയാണ് റോഡിനിരുവശവും തടിച്ചു കൂടിയ വൻ ജനാവലി പ്രയ സഖാവിനെ യാത്രയാക്കുന്നത്. ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട വിലാപയാത്ര നിലവിൽ ആറ്റിങ്ങലെത്തി.ജനത്തിരക്ക് കാരണം ആദ്യ ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂര്‍ സമയം എടുത്തു. വിലാപ യാത്ര പിന്നിട്ട പട്ടത്തും കേശവദാസപുരത്തും ഉള്ളൂരും കഴക്കൂട്ടത്തും നിരവധി പേരാണ് റോഡരികൽ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്. വിഎസിന്റെ മരണ വാർത്ത അറിഞ്ഞതിന് ശേഷം പ്രായഭേദമെന്യേ സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പേരാണ് അദ്ദേഹത്തെ ഒരു നോക്കു കാണാനായി ഒഴുകി എത്തുന്നത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ തുടങ്ങി മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ആദരാജ്ഞലികളർപ്പിച്ചു. കൊല്ലത്ത് പാരിപ്പള്ളിയടക്കം എട്ടിടങ്ങളിലൂടെയാണ് വിലാപ യാത്ര കടന്നു പോകുന്നത്.രാത്രി വൈകിയാകും വിലാപയാത്ര ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെത്തുക.ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനമുണ്ടാകും.ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.
Thiruvananthapuram,Kerala
July 22, 2025 10:27 PM IST