Leading News Portal in Kerala

കേരളം തിളച്ചു മറിഞ്ഞപ്പോൾ ശാന്തനായി ഉറങ്ങിയ വി എസ്| do you know how vs achuthanandan reacted while kerala was fighting for him


തിളച്ചു മറിയുന്ന അഗ്നിപർവതത്തിന്റെ മുകളിലും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്ന വി എസ് അച്യുതാനന്ദൻ എന്ന അസാധാരണ മനുഷ്യനെ കുറിച്ചാണ് ഈ ഓർമ.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പ്. അന്ന് വി എസ് അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്നത് പാർട്ടിക്ക് അപ്പുറമായി വലിയൊരു വിഭാഗം മലയാളികളുടെ ആഗ്രഹമായിരുന്നു. കേരളത്തിന്റെ കാവലാളായി വി എസിനെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികൾ. വി എസ് ഒരു വികാരമായി ഹൃദയത്തിലേറ്റിയ എത്രയേോ മനുഷ്യർ.

വി എസിനെ മത്സരരംഗത്തു നിന്നു തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാവാനുളള അവസരം തടയാനുളള ശ്രമം പാർട്ടിയിലും ശക്തമായിരുന്നു.

പി ബി അംഗങ്ങളിൽ ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കാൻ പി ബിയും കേന്ദ്ര കമ്മിറ്റിയും ഡൽഹി എകെജി ഭവനിൽ ചേരുന്നു. 2006 മാർച്ച് 10 വെളളിയാഴ്ച മുതൽ മാർച്ച് 12 ഞായറാഴ്ച വരെയായിരുന്നു യോഗം.

വി.എസ് മത്സരിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി സി.പി.എം പ്രവർത്തകരും ഇടത് അനുഭാവികളും വി.എസിൽ പ്രതീക്ഷ അർപ്പിച്ച ഒരു വിഭാഗം ജനങ്ങളും ആശങ്കയോടെയാണ് കാത്തിരുന്നത്. സംസ്ഥാനത്തു നിന്നുളള ഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും എതിരായതിനാൽ വി.എസിന് സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്ന ആശങ്ക ശക്തമായിരുന്നു.

പി.ബി, കേന്ദ്ര കമ്മിറ്റി വാർത്തകൾക്കായി കേരളം കണ്ണും കാതും കൂർപ്പിച്ചിരുന്ന ഈ സമയം മാദ്ധ്യമപ്രവർത്തകർക്കും വെല്ലുവിളിയായിരുന്നു. അന്ന് കേരള കൗമുദിയുടെ ഡൽഹി ലേഖകനായിരുന്നു ഞാൻ.

കേരള ഹൗസിൽ നിന്ന് എ.കെ.ജി ഭവനിലേക്ക് ഒരേ കാറിലാണ് അന്ന് വി എസും പിണറായിയും പോകുന്നതും വരുന്നതും. കമ്മിറ്റിക്ക് പോകുകയും വരികയും ചെയ്യുന്ന വി.എസിന്റെയോ പിണറായിയുടെയോ മുഖത്തുനിന്ന് എന്തെങ്കിലും വായിച്ചെടുക്കുക അസാദ്ധ്യമായിരുന്നു. കേന്ദ്ര കമ്മിറ്റിയിലെ പോലെ പോളിറ്റ് ബ്യൂറോയിൽ നിന്ന് വാർത്തകൾ കിട്ടുക അത്ര എളുപ്പമല്ല. പുറത്തു പോയാലും കുഴപ്പമില്ലാത്ത വാർത്തകളാണെങ്കിൽ കിട്ടും. പക്ഷേ പുറത്തു പോകരുതെന്ന് അവർ തീരുമാനിച്ച വാർത്തകളാണെങ്കിൽ പുറത്തു വരില്ല. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വലിയ വെല്ലുവിളിയായ സമയമായിരുന്നു അത്.

മാർച്ച് പത്ത് വെള്ളിയാഴ്ച. പോളിറ്റ് ബ്യൂറോ ചേരുന്നു. വി.എസ് മത്സരിക്കണമെന്നായിരുന്നു ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുളള ഭൂരിപക്ഷം പി. ബി അംഗങ്ങളുടേയും നിലപാട്. രാത്രിയോടെ ഈ വിവരം കിട്ടി. പി.ബിയുടെ പിന്തുണ വി.എസിനാണെന്ന് വ്യക്തമാക്കി ‘വി.എസ് മാത്രം’ എന്ന എട്ടു കോളം മുഖ്യതലക്കെട്ടിലാണ് പി.ബിയുടെ അടുത്ത ദിവസം രാവിലെ ‘കേരളകൗമുദി’ പുറത്തിറങ്ങിയത്. അന്ന് കേരള കൗമുദി മാത്രമാണ് അത്തരത്തിൽ ഒരു വാർത്ത നൽകിയത്.

പി ബിയുടെ നിലപാട് വി എസിന് ഒപ്പമാണെന്ന വാർത്ത പുറത്തു വന്നതോടെ കേരളത്തിൽ പ്രതീക്ഷ വർദ്ധിച്ചു. എന്നാൽ അടുത്ത ദിവസം കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്നുളള ഭൂരിപക്ഷം അംഗങ്ങളും വി.എസിനെ മത്സരിപ്പിക്കരുതെന്ന ഉറച്ച നിലപാടു സ്വീകരിച്ചു. വി.എസിന്റെ നേതൃത്വത്തിൽ മത്സരിച്ചാൽ ഇടതു മുന്നണി പരാജയപ്പെടുമെന്ന് ഉദാഹരണങ്ങൾ നിരത്തി പലരും വാദിച്ചു. തുടർന്ന് പി.ബി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ കേരളത്തിൽ നിന്നുളള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗം ചേർന്നെങ്കിലും എതിർപ്പിനായിരുന്നു വ്യക്തമായ ഭൂരിപക്ഷം. അവസാന ദിവസം നടന്ന പി.ബിയിൽ താൻ മത്സരിക്കാനില്ലെന്ന് വി.എസ് വ്യക്തമാക്കി. അതോടെ വി എസ് മത്സരിച്ച് കേരള മുഖ്യമന്ത്രിയാവുന്നു എന്ന അവസ്ഥ ഇല്ലാതായി എന്നു പറയാം.

അപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരവസരം വി.എസിന് ലഭിക്കുക അസാദ്ധ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ കേരളത്തിൽനിന്ന് ഫോൺ കാളുകൾ വന്നുകൊണ്ടിരുന്നു. വി.എസിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ മാനസികസ്ഥിതി ഇതാണെങ്കിൽ അവസാന അവസരവും നഷ്ടപ്പെട്ട വി.എസിന്റെ മാനസികാവസ്ഥ എന്താവുമെന്ന് ചിന്തിച്ചു.

എന്നാൽ തന്റെ വിധി നിർണയിക്കുന്ന സുപ്രധാനമായ കമ്മിറ്റി ചേർന്നപ്പോഴൊന്നും വി.എസിന്റെ മുഖത്തോ സംഭാഷണങ്ങളിലോ ആശങ്കയോ ഉത്കണ്‌ഠയോ പ്രകടമായിരുന്നില്ല. നടത്തവും എണ്ണ തേച്ചു കുളിയും യോഗയും പത്രവായനയും അടക്കം ദിനചര്യകളിലൊന്നും ഒരു മാറ്റവുമില്ല. വി.എസിന് സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായ അവസാന ദിവസം ചില നേതാക്കളിലെങ്കിലും സന്തോഷം പ്രകടമായിരുന്നു. മുമ്പ് എത്രയോ തവണ ആവർത്തിച്ച തിരിച്ചടികളിലൊന്നും വി.എസ് തളർന്നിട്ടില്ല. തോൽവികൾ തളർത്താത്ത പോരാളിയാണ്. തുടർ തോൽവികളുടെ, കൊടിയ നിരാശയുടെ ഇരുളിൽ നിന്നും പ്രതീക്ഷയുടെ വെളിച്ച വാതിലുകൾ സ്വയം തളളി തുറന്ന നേതാവ്. എം എൻ വിജയൻ വിശേഷിപ്പിച്ചതു പോലെ പരാജയം ഭക്ഷിച്ചു ജീവിച്ചവൻ എന്നതാവും ശരി. അപ്പോഴൊക്കെയും ഇനിയും തിരിച്ചുവരാനാകും എന്ന പ്രതീക്ഷയോ വിശ്വാസമോ ആകാം ഒരുപക്ഷേ വി.എസിന് ശക്തി നൽകിയത്. എന്നാൽ ഇക്കുറി അങ്ങനെയല്ല. അന്ന് 82 വയസായ വി.എസിന് തിരിച്ചുവരവ് അസാദ്ധ്യമായിരുന്നു. മുഖ്യമന്ത്രിയാവാൻ പോയിട്ട് മത്സരിക്കാൻ പോലും പിന്നീട് അവസരം ലഭിക്കാനിടയില്ല. അതു മറ്റാരേക്കാളും നന്നായി വി.എസിന് അറിയാം. വി.എസ് ഏതു തരത്തിലാവും ഇതിനോടു പ്രതികരിക്കുകയെന്ന ആശങ്ക ശക്തമായിരുന്നു.

മാർച്ച് 12 ഞായറാഴ്ച വൈകിട്ട്, വി.എസ് മത്സരത്തിനില്ലെന്ന പ്രധാന വാർത്ത ഫയൽ ചെയ്ത ശേഷം കേരള ഹൗസിൽ വി.എസ്സിനെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം കുളിക്കാനുളള തയ്യാറെടുപ്പിലായിരുന്നു. അതിനിടെ മറ്റൊരു അനുബന്ധ വാർത്തയ്‌ക്കായി വിളി വന്നതിനാൽ ഓഫീസിലേക്കു മടങ്ങി. ആ കാലത്ത് വി.എസിന്റെ ഡൽഹി യാത്രകളിൽ സ്ഥിരം സഹചാരി ആയിരുന്ന ഗൺമാൻ ഗോപിയോട് അര മണിക്കൂർ കഴിഞ്ഞു വരാം എന്ന് പറഞ്ഞാണ് മടങ്ങിയത്.

വാർത്ത നൽകി തിരികെ കേരള ഹൗസിൽ എത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞിരുന്നു. വി.എസിനെ കാണണമെന്നുണ്ട്. പക്ഷേ ഈ സമയത്ത് എന്തു സംസാരിക്കും എന്ന ആശങ്കയും ഉണ്ട്. രണ്ടാം നിലയിലെ 204ാം നമ്പർ മുറിയുടെ വാതിൽക്കൽ ഗോപിച്ചേട്ടനുണ്ട്- നടത്തം കഴിഞ്ഞു കിടക്കാനായി അകത്തെ മുറിയിലേക്കു പോയെന്നും ഉറങ്ങിക്കാണാൻ വഴിയില്ലെന്നും പറഞ്ഞു. ഇന്ന് ഉടനേയൊന്നും ഉറങ്ങാൻ വി.എസിനാവില്ലെന്നായിരുന്നു എന്റെയും ചിന്ത. ഉറങ്ങാൻ കിടക്കുന്ന അകത്തേ മുറിയുടെ വാതിലിന്റെ കുറ്റി അദ്ദേഹം ഇടാറില്ല. പതിയെ മുറിയിലേക്കു കടന്നു. ശരിക്കും ഞെട്ടിപ്പോയെന്ന് തന്നെ പറയണം. കൊതുകുവലയ്‌ക്കുള്ളിൽ വി.എസ് സ്വസ്ഥമായി കിടന്നുറങ്ങുന്നു. അടുത്തു ചെന്ന് നോക്കി, നല്ല ഉറക്കത്തിലാണ്. ഒരു കുട്ടിയുടേതെന്ന പോലെ നിഷ്‌കളങ്കമായ ഉറക്കം.

വി.എസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് സഹിക്കാനാവാതെ പാതിരാത്രിയിലും നാട്ടിൽ നിന്ന് ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് ഉറക്കം നഷ്‌ടപ്പെട്ട രാത്രിയാണ് അതെങ്കിലും കഥാനായകനായ വി.എസ് അന്നും ഉറങ്ങി, പതിവുപോലെ. മറ്റേതൊരു ദിവസത്തെയും പോലെ കൃത്യമായി ദിനചര്യകൾ പൂർത്തിയാക്കി.

വിജയം ഉറപ്പാക്കുന്ന പ്രഖ്യാപനം 24ന്

അനുബന്ധമായി ചിലതു കൂടി കൂട്ടിചേർക്കാനുണ്ട്. ഒടുവിൽ പി.ബി തീരുമാനം തിരുത്തി വി.എസിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. യോഗതീരുമാനം അറിയാൻ ആശങ്കയോടെ നിന്ന മാദ്ധ്യമങ്ങളോട്, തീരുമാനം കേരളത്തിൽ പ്രഖ്യാപിക്കുമെന്ന് മാത്രമാണ് അന്ന് കാരാട്ട് പറഞ്ഞത്. അന്നും ഒരേ കാറിൽ വി. എസും പിണറായിയും. പതിവുപോലെ വലിഞ്ഞു മുറുകിയ മുഖവുമായി വി.എസ്, പതിവുവിട്ട് ചിരിച്ച മുഖവുമായി പിണറായി. ഒരു പ്രമുഖ പത്രത്തിൽ അടുത്ത ദിവസം പ്രസിദ്ധീകരിച്ച ഈ ഫോട്ടോയുടെ ക്യാപ്ഷൻ ‘ചിരിയും ചിന്തയും’ എന്നായിരുന്നു. വി.എസിന് പരാജയവും പിണറായിക്ക് വിജയവും എന്ന് ഈ ഫോട്ടോ പറയാതെ പറഞ്ഞു.

പക്ഷേ തീരുമാനം മറിച്ചായിരുന്നു. പാർട്ടിയുടെ ചരിത്രം തന്നെ തിരുത്തിയ വിജയത്തിന് ശേഷമാണ് വി.എസ് പുറത്തുവന്നതെന്ന് ഓർക്കണം. അനുഭവത്തഴക്കമുളള നേതാക്കളുടെ മുഖഭാവങ്ങളിൽ നിന്ന് ഉളളിലെ വികാരം എപ്പോഴും തിരിച്ചറിയാൻ കഴിയണമെന്നില്ല. മാധ്യമങ്ങളെ മനോഹരമായി കബളിപ്പിക്കാൻ അന്ന് വി എസിനും പിണറായിക്കും കഴിഞ്ഞു. ഇരുവരെയും മറ്റ് പല നേതാക്കളിൽ നിന്നും വ്യത്യസ്തരാക്കുന്നതിൽ ഈ സ്വഭാവ സവിശേഷതകൾ കൂടിയുണ്ട്.

പക്ഷേ അന്നും പി ബി തീരുമാനം കൃത്യമായി കിട്ടി. പക്ഷേ അന്നത് അതേ പടി നൽകാൻ ചില തടസ്സങ്ങൾ ഉണ്ടെന്ന് കേരള കൗമുദിയുടെ അന്നത്തെ എക്സിക്യുട്ടീവ് എഡിറ്റർ ബി സി ജോജോ എന്നെ അറിയിച്ചു. ലേഖകനായ എന്റെ വാർത്തയുടെ ഉളളടക്കം ഒട്ടും ചോരാതെ തലക്കെട്ടിലും ഇൻട്രോയിലും  ഒരു മാറ്റം നിർദ്ദേശിച്ചു. മറ്റെല്ലാ മാധ്യമങ്ങളും മറിച്ചു റിപ്പോർട്ടു ചെയ്ത സമയത്താണ് വി എസ് മാത്രം എന്ന എട്ടു കോളം തലക്കെട്ട് കേരള കൗമുദി നൽകിയത് എന്നോർക്കണം. അന്ന് ജൂനിയർ ലേഖകൻ മാത്രമായിരുന്ന എന്നെ വിശ്വസിച്ചാണ് അത് നൽകിയത്. അതുകൊണ്ട് അത്തരമൊരു മാറ്റത്തിന് ഞാനും സമ്മതിച്ചു.

അന്നത്തെ കേരളകൗമുദിയുടെ മുഖ്യ തലക്കെട്ട് “വിജയം ഉറപ്പാക്കുന്ന പ്രഖ്യാപനം 24ന്” എന്നായിരുന്നു. വി എസിന്റെ സ്ഥാനാർത്ഥിത്വം 24ന് പ്രഖ്യാപിക്കുകയും ചെയ്തു.

വി എസിനെ കുറിച്ച് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അടക്കം പ്രധാന നേതാക്കളുടെയും പ്രമുഖ സാഹിത്യകാരന്മാരുടെയും മാധ്യമ പ്രവർത്തകരുടയെും കുറിപ്പുകൾ ചേർത്ത് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘വര വരി വി എസ്’ എന്ന പുസ്തകത്തിലും ഇത് എഴുതിയിരുന്നു.

സ്ഥാനാർഥിത്വ നിഷേധത്തിനും കേരളമാകെ അലയടിച്ച പ്രതിഷേധങ്ങൾക്കും ഒടുവിൽ പാർട്ടി തീരുമാനം തിരുത്തി വി എസിനെ മത്സരിപ്പിക്കുകയും ഇടത് മുന്നണി 98 സീറ്റോടെ ഉജ്ജ്വല വിജയം നേടുകയും വി എസ് 82ാം വയസിൽ കേരള മുഖ്യമന്ത്രിയാവുകയും ചെയ്തത് ചരിത്രം.