Leading News Portal in Kerala

‘ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍’ ആ പണി തുടരും, ആ കാവ്യങ്ങള്‍ കൂടി കണ്ട് ചിരിച്ചാണയാൾ യാത്രയാകുന്നത്: പി എം ആര്‍ഷോ| cpm leader pm arsho facebook post on vs achuthanandan


കുറിപ്പിന്റെ പൂര്‍ണരൂപം

മഹാമേരുകണക്കൊരു മനുഷ്യന്‍ നൂറ്റാണ്ട് നീണ്ട കലഹത്തിനൊടുക്കം വിശ്രമത്തിലാണ്. ജന്മിത്വത്തിനെതിരെ, സാമ്രാജ്യത്വത്തിനെതിരെ, മുതലാളിത്തത്തിനെതിരെ ഒരു നൂറ്റാണ്ടില്‍ കണ്‍മുന്നില്‍ തെളിഞ്ഞ സര്‍വമനുഷ്യത്വവിരുദ്ധതയ്ക്കുമെതിരെ കെടാതാളിയ സമരത്തിന് അയാളുടെ സഖാക്കള്‍ നല്‍കുന്ന അഭിവാദ്യങ്ങള്‍ ആ കാതുകളില്‍ നിശ്ചയമായും തിര കണക്കാര്‍ത്തലയ്ക്കുന്നുണ്ടാകും. തന്റെ സ്വതസിദ്ധമായ ശൈലിയിലൊരു മന്ദഹാസമെടുത്തണിഞ്ഞ് ആ മുദ്രാവാക്യങ്ങള്‍ക്ക് സഖാവ് പ്രത്യഭിവാദ്യങ്ങള്‍ നേരുന്നുണ്ടായിരിക്കും.

മണിക്കൂറുകള്‍ക്കപ്പുറം ആ സമരശരീരം സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് ചിതറിത്തെറിച്ച രക്തസാക്ഷികളുടെ പച്ചമാംസത്തിന്റെ ഗന്ധം അലയടിക്കുന്ന വലിയ ചുടുകാട്ടില്‍ തന്റെ പ്രിയ സഖാവ് കൃഷ്ണപിള്ളയോടും പുന്നപ്രയിലെ സമരധീരരോടും കൂട്ടുചേരും. വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന മനുഷ്യരുടെ കണ്ഠങ്ങളത്രയും മുദ്രാവാക്യങ്ങളെ കെട്ടഴിച്ചുവിടാന്‍ കണ്ണുനീരിന്റെ അലിവിനായ് കാക്കുന്നത് കാണുന്നില്ലേ നിങ്ങള്‍?

ആറ് വയസ്സുകാരന്‍ മുതല്‍ നൂറുവയസ്സുകാരി വരെ അയാളുടെ മുദ്രാവാക്യങ്ങള്‍ക്ക് കൂട്ടായിരിക്കുമെന്ന് തെരുവിലാവര്‍ത്തിക്കുന്നു.

എത്ര തലമുറകളെയാണയാള്‍ പ്രചോദിപ്പിച്ചത്…

എത്ര ജനസഞ്ചയങ്ങളെയാണയാള്‍ ആവേശഭരിതരാക്കിയത്… എത്ര മനുഷ്യരെയാണയാള്‍ ശരികേടുകള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാന്‍ പ്രാപ്തരാക്കിയത്…

ഇനിയുമെത്ര പോരാട്ടങ്ങള്‍ക്കൂര്‍ജമാണയാള്‍…

ഇനിയും ജനിക്കാനിരിക്കുന്ന എത്രയോ തലമുറകളെ ചെങ്കൊടിയേന്തി നേരിന്റെ പടപ്പാട്ടുകാരാക്കാന്‍ കരുത്തുള്ള മന്ത്രാക്ഷരങ്ങളാണ് VS എന്ന രണ്ടക്ഷരങ്ങളെന്നറിയാതെ ‘ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍’ ആ പണി തുടരും.

അവര്‍ക്ക് കൃഷ്ണപിള്ള ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് ആയിരുന്നു, എ കെ ജി ഒടുവിലത്തെ കമ്മ്യൂണിസ്റ്റായിരുന്നു, ഇ എം എസ് ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് ആയിരുന്നു, നായനാരും കോടിയേരിയും ഒടുവിലത്തെ കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു.

ആ കാവ്യങ്ങള്‍ കൂടി കണ്ട് ചിരിച്ചാണ് നമ്മളെയാകെ കരയിച്ചയാള്‍ യാത്രയാകുന്നത്.

അന്ത്യാഭിവാദ്യങ്ങള്‍ പോരാളി…

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഒടുവിലത്തെ കമ്മ്യൂണിസ്റ്റ് കാവ്യ രചയിതാക്കള്‍’ ആ പണി തുടരും, ആ കാവ്യങ്ങള്‍ കൂടി കണ്ട് ചിരിച്ചാണയാൾ യാത്രയാകുന്നത്: പി എം ആര്‍ഷോ