വിഎസ് അച്യുതാനന്ദന്റെ പേരും ഇനിഷ്യലും ഒരുപോലെ; വിഎസിന്റെ ജന്മദിനത്തിൽ ജനനം; എറണാകുളത്തുണ്ടൊരു കുഞ്ഞു വിഎസ് Ernakulam boy shares vs acuthanandan initials and date of birth
Last Updated:
പേരിലെ സാമ്യത്തിനൊപ്പം ജനനതീയതിയും ഒരുപോലെയായത് ഒരു നിയോഗമായിരിക്കാമെന്ന് കുട്ടിയുടെ വീട്ടുകാർ
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരും ഇൻഷ്യലും ഒരുപോലെയുള്ള ഒരു കുഞ്ഞ് വിഎസ് എറണാകുളം വരാപ്പുഴയിലുണ്ട്. പേര് മാത്രമല്ല കുഞ്ഞു വിഎസിന്റെ ജനനം പോലും വിഎസ് അച്യുതാനന്ദന്റെ ജന്മദിനമായ ഒക്ടോബർ 20ന് തന്നെയാണെന്നതാണ് മറ്റൊരാശ്ചര്യം. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ ചലച്ചിത്ര സംവിധായകൻ അമ്പിളിയുടെ ചെറുമകനായ മൂന്നര വയസുകാരൻ വി.എസ് അച്യുതനാണ് ആ കുഞ്ഞു വിഎസ്.
മകന് മലയാളിത്തം നിറഞ്ഞ പേരായിരിക്കണമെന്ന അമ്മയും അമ്പിളിയുടെ മകളുമായ അയിഷ മരിയ അമ്പിളിയുടെ നിർബന്ധത്തിൽ നിന്നാണ് അച്യുതൻ എന്ന പേര് വന്നത്. കുഞ്ഞിന്റെ പിതാവായ എറണാകുളം വരാപ്പുഴ വേലംപറമ്പിൽ ശ്യാംകുമാറിന്റ അച്ഛനാണ് അച്യുതൻ എന്ന പേര് നിർദേശിച്ചത്. പേരിനൊപ്പം കുഞ്ഞിന്റെ പിതാവായ ശ്യാംകുമാറിന്റെ എസും വീട്ടുപേരായ വേലംപറമ്പിലിന്റെ വിയും കൂടി ചേർത്തപ്പോൾ വിഎസ് അച്യുതനായി.
അച്യുതന്റെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ദിവസം പത്രത്തിൽ വന്ന വിഎസ് അച്യുതാനന്ദന്റെ നൂറാം ജൻമദിനാഘോഷ വാർത്തയാണ് വീട്ടുകാരെ ശരിക്കും ഞെട്ടിച്ചത്. കുട്ടിയുടെ പേര് മാത്രമല്ല വിഎസിന്റഎയും കുഞ്ഞിന്റെയും ജൻമദിനവും ഒന്നാണെന്നും വീട്ടുകാർ മനസിലാക്കുന്നത് അപ്പോഴാണ്. ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജന്മദിനം. 98 വര്‍ഷങ്ങള്‍ക്കിപ്പുറം ഒക്ടോബര്‍ 20നാണ് കുഞ്ഞു വിഎസും ജനിച്ചത്.
വരാപ്പുഴയിലുള്ള മകളുടെ വീട്ടിൽ വച്ച് പേരക്കുട്ടിയെ താലോചിച്ചുകൊണ്ടിരുന്ന സമയത്താണ് വിഎസിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതെന്നും പേരിലെ സാമ്യത്തിനൊപ്പം ജനനതീയതിയും ഒരുപോലെയായത് ഒരു നിയോഗം മാത്രമായിരിക്കാമെന്നും അമ്പിളി പറയുന്നു. വാരാപ്പുഴ ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് കുഞ്ഞു വിഎസ്.
Ernakulam,Kerala
July 23, 2025 6:25 PM IST
വിഎസ് അച്യുതാനന്ദന്റെ പേരും ഇനിഷ്യലും ഒരുപോലെ; വിഎസിന്റെ ജന്മദിനത്തിൽ ജനനം; എറണാകുളത്തുണ്ടൊരു കുഞ്ഞു വിഎസ്