വാഗമണിലെ വെള്ളച്ചാട്ടത്തിൽ ഇറങ്ങവേ കാൽവഴുതി 200 അടി താഴ്ചയിലേക്ക് വീണ് വിനോദസഞ്ചാരി മരിച്ചു|Tourist dies after slipping and falling from 200 feet in Vagamon
Last Updated:
വാഗമൺ സന്ദർശിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്
ഇടുക്കി: വാഗമണിലെ വെള്ളച്ചാട്ടത്തിൽ ഇറങ്ങവേ കാൽവഴുതി 200 അടി താഴ്ചയിലേക്ക് വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടാവുന്നത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു.
വാഗമൺ സന്ദർശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്. തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാർ വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് തോബിയാസിന്റെ മൃതേദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
July 25, 2025 11:26 AM IST