ആറൻമുള വള്ളസദ്യയെ കച്ചവടവൽക്കരിക്കുകയല്ല, ജനകീയവൽക്കരിക്കുകയാണ് : വിവാദത്തിൽ ദേവസ്വം ബോർഡ് പ്രതികരണം | Travancore Devaswom Board response on vallasadya controversy
Last Updated:
സദ്യയെ ജനകീയവൽക്കരിക്കുകയാണ് എന്നും, ആരോപണം വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകമെന്നും ദേവസ്വം ബോർഡ്
ആറന്മുള വള്ളസദ്യയുടെ ഓൺലൈൻ ബുക്കിങ്ങിനെതിരെ പള്ളിയോട സേവാ സംഘം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പള്ളിയോടക്കരകളുടെ പങ്കാളിത്തം ഇല്ലാതെ 250 രൂപ നിരക്കിൽ ടിക്കറ്റ് നൽകി 27 മുതൽ സദ്യ നടത്തുമെന്ന ബോർഡ് തീരുമാനത്തിനെതിരെയായിരുന്നു പരാതി. ഇതിനു മറുപടിയായുള്ള ദേവസ്വം ബോർഡിന്റെ പ്രതികരണത്തിൽ, സദ്യയെ ജനകീയവൽക്കരിക്കുകയാണ് എന്നും, ആരോപണം വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ് എന്നും വിശദീകരണം.
‘തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറന്മുള വള്ളസദ്യയെ വാണിജ്യവൽക്കരിക്കുകയല്ല, മറിച്ച് ജനകീയവൽക്കരിക്കുകയാണ് ചെയ്തത്. ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോട സേവാ സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഉയർത്തിയ ആരോപണം വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ആറന്മുള വള്ളസദ്യയെ കച്ചവടവൽക്കരിക്കുകയല്ല, മറിച്ച് ജനകീയവൽക്കരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്തത്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഭക്തരുടെ വലിയ ആഗ്രഹമാണ് ആറന്മുള വള്ളസദ്യ ക്ഷേത്ര സന്നിധിയിൽ വച്ച് കഴിക്കുക എന്നുള്ളത്. ഭക്തരുടെ ഈ ആവശ്യത്തെ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് 250 രൂപ ഈടാക്കി മുൻകൂർ കൂപ്പൺ നൽകി വള്ളസദ്യയിലെ വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയ സദ്യ ക്ഷേത്ര സന്നിധിയിൽ വച്ച് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
സദ്യ ഒന്നിന് ഭക്തരുടെ കയ്യിൽ നിന്ന് ഈടാക്കുന്ന 250 രൂപയും പള്ളിയോട സേവാ സംഘത്തിന് തന്നെ നൽകുന്ന രീതിയിലാണ് കാര്യങ്ങൾ ആലോചിച്ചു തീരുമാനിച്ച് മുന്നോട്ടുപോകുന്നത്. അതായത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒരു രൂപയുടെ പോലും വരുമാനം ആറന്മുള വള്ളസദ്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള സദ്യ നൽകുന്നതിലൂടെ ലഭിക്കുന്നില്ല. ഇത്തരത്തിൽ ഒരു രൂപ പോലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിക്കില്ല എന്നിരിക്കെ, ലാഭേഛയോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രവർത്തിച്ചത് എന്ന ആരോപണം അസംബന്ധമാണ്.
വിദൂര ജില്ലകളിലുള്ള ഭക്തർ വള്ളസദ്യക്കായി ആറന്മുളയിൽ എത്തി അവസരം ലഭിക്കാതെ മടങ്ങി പോകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് മുൻകൂർ കൂപ്പൺ നൽകി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നതിനെ പറ്റി പ്രാഥമിക ചർച്ച നടന്ന ഘട്ടത്തിൽ തന്നെ ആറന്മുള ക്ഷേത്ര ഉപദേശക സമിതിയേയും പള്ളിയോട സേവാ സംഘത്തെയും അറിയിക്കുകയും അവരുടെ ബന്ധപ്പെട്ട പ്രതിനിധികളെ കൂടി ചർച്ചകളിൽ ഉൾപ്പെടുത്തുകയും ചെയ്തതാണ്.
ചർച്ച ചെയ്ത് എല്ലാ കാര്യങ്ങളും തീരുമാനിച്ച ശേഷം പിന്നീട് കൂടിയാലോചന നടത്തിയില്ല, തീരുമാനത്തെ പറ്റി അറിയില്ല, എന്നുള്ള പള്ളിയോട സേവാ സംഘത്തിന്റെ നിലപാട് നിരാശാജനകമാണ്. ഈ വിഷയത്തിൽ വിവാദങ്ങൾ അവസാനിപ്പിച്ച് ഭക്തർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് പള്ളിയോട സേവാ സംഘവും ക്ഷേത്ര ഉപദേശക സമിതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് സഹകരിക്കും എന്ന് തന്നെയാണ് ദേവസ്വം ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
നിശ്ചയിച്ച പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൂട്ടി ബുക്ക് ചെയ്തുള്ള വള്ളസദ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിഷയത്തിൽ ആരുമായും തുടർ ചർച്ചകൾക്കും ബോർഡ് തയ്യാറാണ്.’
Thiruvananthapuram,Kerala
July 26, 2025 4:43 PM IST
ആറൻമുള വള്ളസദ്യയെ കച്ചവടവൽക്കരിക്കുകയല്ല, ജനകീയവൽക്കരിക്കുകയാണ് : വിവാദത്തിൽ ദേവസ്വം ബോർഡ് പ്രതികരണം