Leading News Portal in Kerala

കണ്ണൂർ ജയിൽ കെട്ടിടത്തിന് കാലപ്പഴക്കത്താൽ ബലക്ഷയം; ഒരാൾകൂടി ജയിൽചാട്ടത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്| prison dig report states security threat in kannur central jail


Last Updated:

കഴിഞ്ഞവർഷം കനത്ത മഴയിൽ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതിൽ തകർന്നുവീണിരുന്നു. ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിർത്തിവെച്ചിരുന്നു. ഇത് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല

കണ്ണൂർ‍ സെൻട്രൽ ജയിൽ (image: Kerala Prisons website) കണ്ണൂർ‍ സെൻട്രൽ ജയിൽ (image: Kerala Prisons website)
കണ്ണൂർ‍ സെൻട്രൽ ജയിൽ (image: Kerala Prisons website)

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകൾക്കെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ‌ ഡിഐജിയുടെ റിപ്പോർട്ട്.‌ 10 പഴയ ബ്ലോക്കുകളും ഒരു പുതിയ ബ്ലോക്കുമാണ് ജയിലിലുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ ബ്ലോക്കുകളുടെ ഓടുമേഞ്ഞ മേൽക്കൂരയിൽ ചോർച്ച കാരണം പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കും ജീർ‌ണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതിൽ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പർ ജയാനന്ദൻ ഇതേ പത്താംനമ്പർ ബ്ലോക്കിൽനിന്ന് തടവ് ചാടിയിരുന്നു.

ജയിലിലെ മറ്റൊരാൾകൂടി ജയിൽ ചാടാൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്ന്‌ രഹസ്യാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞവർഷം കനത്ത മഴയിൽ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതിൽ തകർന്നുവീണിരുന്നു. ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിർത്തിവെച്ചിരുന്നു. ഇത് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ യഥാസമയം പരിശോധിക്കുന്നുമില്ല.

ജയിൽചട്ടങ്ങൾ ലംഘിച്ച് വ്യായാമത്തിന്റെ മറവിൽ തടവുകാരുടെ കൂട്ടനടത്തവും സുരക്ഷാഭീഷണിയാകുന്നു. ആവശ്യമുള്ളവർക്ക് പാർപ്പിച്ച സെല്ലുകളിൽ വ്യായാമം നടത്താനേ ജയിൽച്ചട്ടം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയത്തടവുകാരുൾപ്പെടെ 50ഓളം പേരാണ് പ്രഭാതസവാരി നടത്തുന്നത്. നടത്തത്തിനിടയിലുള്ള സംസാരത്തിലൂടെ ജയിൽ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തുന്നതായുള്ള വിവരവും കിട്ടിയിട്ടുണ്ട്. പ്രധാന മതിലിനോടുചേർന്ന റോഡിലൂടെയാണ് പ്രഭാതസവാരി. നടത്തത്തിനിടെ പച്ചക്കറിത്തോട്ടത്തിൽനിന്ന്‌ വാഴപ്പഴങ്ങളും പച്ചക്കറികളും മോഷ്ടിക്കുന്നുമുണ്ട്.

അതേസമയം, കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജയിൽച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കണ്ണൂർ ജയിൽ കെട്ടിടത്തിന് കാലപ്പഴക്കത്താൽ ബലക്ഷയം; ഒരാൾകൂടി ജയിൽചാട്ടത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്