ജയിൽ ചാടാൻ ഗോവിന്ദച്ചാമി എന്തൊക്കെ ഒരുക്കങ്ങൾ നടത്തി?|What were the preparation by govinda chamy for jail break
Last Updated:
അതീവ സുരക്ഷയുള്ള ബി-10 സെല്ലിൽ ആയിരുന്ന ഗോവിന്ദച്ചാമി 6 മാസങ്ങൾക്ക് മുമ്പാണ് സീ-4 ലേക്ക് മാറിയത്
ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. സെല്ലിന്റെ കമ്പികൾ നേരത്തെ തന്നെ മുറിച്ചു തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർ തിരിച്ചറിയാതിരിക്കാനായി കമ്പിയിൽ നൂലുകെട്ടി വച്ചു എന്നും പ്രതി പോലീസിന് മൊഴി നൽകി. സെല്ലിന്റെ താഴ്ഭാഗമാണ് മുറിച്ചിരുന്നത്.
ഇത് മുറിക്കുന്നതിനായുള്ള ആയുധം നേരത്തെ എത്തിച്ചിരുന്നു. ശാരീരികമായും ജയിൽ ചാടുന്നതിനായി ഗോവിന്ദച്ചാമി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഭാരം കുറയ്ക്കുന്നതിനായി ചപ്പാത്തി മാത്രമാണ് കുറച്ചു ദിവസങ്ങളായി കഴിച്ചിരുന്നത്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്ത് നിന്നും എഴുതി വാങ്ങിയാണ് ചപ്പാത്തി മാത്രം കഴിച്ചു കൊണ്ടിരുന്നത്.
പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിംഗിന്റെ തൂണിൽ കുടുക്കിട്ടുകെട്ടിയാണ് പ്രതി ജയിൽ ചാടിയത്. അതീവ സുരക്ഷയുള്ള ബി 10 സെല്ലിൽ ആയിരുന്നു ഗോവിന്ദച്ചാമി കിടന്നിരുന്നത്. എന്നാൽ 6 മാസങ്ങൾക്ക് മുമ്പ് ഇയാളെ സീ 4 ലേക്ക് മാറ്റുകയായിരുന്നു.
അർദ്ധരാത്രി 1.15 ഓടെയാണ് ഇയാൾ ഇന്ന് സെല്ലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ നിന്നുമാണ് ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചത്. ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കി അത് ഉപയോഗിച്ചാണ് ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിയത്.
ജയിലിൽ ധരിച്ചിരുന്ന വെള്ള വസ്ത്രവും മാറ്റിയിരുന്നു. അഞ്ച് മണിക്കൂർ കഴിഞ്ഞാണ് ഗോവിന്ദച്ചാമി രക്ഷപെട്ട വിവരം ജയിൽ അധികൃതർ അറിയുന്നത്. ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാവിലെ ഉദ്യോഗസ്ഥർ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയിരുന്നു.
തലയിൽ തുണിക്കെട്ടിയ നിലയിലായിരുന്നു. ചിലർ ഇയാളെ തിരിച്ചറിയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 9:30 മണിയോടെയാണ് കണ്ണൂർ നഗര പരിസരത്ത് നിന്ന് ഇയാളെ പിടികൂടിയത്. കണ്ണൂർ നഗരത്തിലെ താളാപ്പിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പോലീസും ജയലധികൃതരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
July 25, 2025 3:45 PM IST