യാചകനായ ഗോവിന്ദച്ചാമി സുപ്രീം കോടതി വരെ പോകാൻ പിൻബലം നൽകിയത് ആര്? Who supported Govinda chamy a one handed street beggar to approach supreme court
Last Updated:
ഗോവിന്ദച്ചാമിയുടെ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് ഉണ്ടായത്
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജയിൽ കമ്പി മുറിച്ചുമാറ്റി അതിവിദഗ്ധമായാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
കേസിൽ 30 വയസ്സുകാരനായ ഗോവിന്ദച്ചാമി എന്ന ചാർളി ആദ്യം അറസ്റ്റിലായപ്പോൾ, അദ്ദേഹത്തെ മാനസികമായി അസ്വസ്ഥനായ ഒരു യാചകനെന്നും പിന്നീട് ഒരു ചെറിയ കള്ളനെന്നമായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അന്തരിച്ച ക്രിമിനൽ അഭിഭാഷകനായ ബി.എ. ആളൂർ , മറ്റ് രണ്ട് അഭിഭാഷകർക്കൊപ്പം ഗോവിന്ദച്ചാമിക്കായി വാദിക്കാൻ ഹാജരായപ്പോൾ കേസ് പെട്ടെന്ന് തന്നെ അപ്രതീക്ഷിത വഴിത്തിരിലേക്ക് മാറുകയായിരുന്നു.
ഇന്ത്യയിലെ നിയമം അനുസരിച്ച് ഗോവിന്ദച്ചാമിക്കോ മറ്റേതെങ്കിലും പ്രതിക്കോ ഇഷ്ടമുള്ള അഭിഭാഷകനെ നിയമിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് ഉണ്ടായത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. ഇതിനിതിരെ ഗോവിന്ദച്ചാമി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകി. ഹൈക്കോടതി ശിക്ഷ ശരിവച്ചപ്പോൾ, കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഏഴ് വർഷത്തെ തടവായി സുപ്രീം കോടതി കുറച്ചു. ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. കോടതിയിൽ കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതായിരുന്നു വധശിക്ഷ ഒഴിവാക്കാനുള്ള കാരണം.
ഒരു ചെറിയ കള്ളനും യാചകനുമായ ആയ ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരിനെപ്പോലുള്ള ഒരു ക്രിമിനൽ അഭിഭാഷകൻ എങ്ങനെ ഹാജരായി എന്നതായിരുന്നു പലരുടെയും മനസിൽ ഉയർന്ന ചോദ്യം. ഗോവിന്ദച്ചാമിക്കായി ഹാജരാകുന്നതിന് ആർക്ക് എന്ത് ആശങ്കയാണുള്ളതെന്നും ഒരു ക്രിമിനൽ കേസിൽ താൻ 5 ലക്ഷം രൂപ ഈടാക്കുന്നുണ്ടെന്നും തന്റെ കടമ തനിക്ക് മുന്നിൽ വരുന്ന കക്ഷിയെ പ്രതിനിധീകരിക്കുക എന്നതാണെന്നും സുപ്രീകോടതി വിധിക്ക് പിന്നാലെ ആളൂർ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് കോടതികളിലും ഗോവിന്ദച്ചാമിക്കായി വാദിച്ചത് ആളൂരായിരുന്നു. മൂന്ന് കോടതികളിലെയും സിറ്റിങ്ങിന്റെ ഫീസ് 15 ലക്ഷം കവിഞ്ഞെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാൻ ആരാണ് സമീപിച്ചതെന്ന ചോദ്യത്തിന് അവ്യക്തമായായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ഗോവിന്ദച്ചാമിയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ചില ആളുകളുണ്ടെന്നും അദ്ദേഹത്തോടൊപ്പം മറ്റ് കേസുകളിൽ കുറ്റാരോപിതരായ ആളുകൾ തന്നെ സമീപിച്ചിരുന്നെന്നും മാഫിയ ബന്ധം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു ആളൂർ പറഞ്ഞത്. ഒരു കവർച്ച കേസിൽ പ്രതിയായ പൻവേലിലെ ഒരു ഗ്രൂപ്പാണ് തന്നെ നിയമിച്ചതെന്ന് ആളൂർ പറഞ്ഞതായി ഓപ്പൺ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഗ്രൂപ്പിനുവേണ്ടി ആളൂർ മുമ്പ് ഹാജരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിറ്റങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ബിജു ആന്റണിയെന്ന ബിഎ ആളൂർ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായെത്തി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
ഗോവിന്ദച്ചാമിക്ക് പുറമേ, കൂടത്തായി ജോളിക്കായും, അമീറുൽ ഇസ്ലാമിനായും ആളൂർ കോടതിയിൽ ഹാജരായി. ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകൻ ആളൂര്‍ തന്നെയായിരുന്നു.
Thiruvananthapuram,Kerala
July 25, 2025 10:34 AM IST