Leading News Portal in Kerala

‘ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന വാർ‌ത്ത വാസ്തവവിരുദ്ധം’: കെ സുരേഷ് കുറുപ്പ്| cpm leader k suresh kurup denies news that he will contest ettumanoor as UDF candidate


Last Updated:

തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ പ്രധാനമല്ലെന്നും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാമെന്നും സുരേഷ് കുറുപ്പ്

കെ സുരേഷ് കുറുപ്പ്കെ സുരേഷ് കുറുപ്പ്
കെ സുരേഷ് കുറുപ്പ്

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് സിപിഎം നേതാവ് കെ സുരേഷ് കുറുപ്പ്. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ല താനെന്നും തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ പ്രധാനമല്ലെന്നും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാമെന്നും സുരേഷ് കുറുപ്പ് ഫേസ്ബുക്കിൽ കുറിച്ചു. 2024 മാര്‍ച്ച് 24ന് ശേഷം ആദ്യമായാണ് സുരേഷ് കുറുപ്പ് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്.

കുറിപ്പിന്റെ പൂർ‌ണരൂപം

കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ്‌ 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാൻ 1972 ൽ സിപിഐ (എം) ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ.

2011ൽ ഏറ്റുമാനൂരിൽ നിന്നും ജയിച്ചാണ് കെ സുരേഷ് കുറുപ്പ് ആദ്യമായി നിയമസഭാംഗമാകുന്നത്. 2016ലും ജയിച്ച് നിയമസഭയിലെത്തി. 8, 12, 13, 14 ലോകസഭകളിൽ കോട്ടയത്ത് നിന്നുള്ള അംഗമായിരുന്നു.