വേടന് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍; യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു Kochi City Police Commissioner says no notice sent to rapper vedan yet in relation to alleged rape case | Kerala
Last Updated:
വേടനുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറഞ്ഞ കാര്യം ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും കമ്മിഷണർ
ഹിരൺദാസ് മുരളി എന്ന റാപ്പര്‍ വേടൻ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ വനിതാ ഡോക്ടറുടെ പരാതിയിൽ വേടന് ഇതുവരെ നോട്ടീസ് അച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വേടനുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറഞ്ഞ കാര്യം ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേടനെതിരെ ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷൻ പ്രകാരമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ കുറച്ചാളുകൾക്ക് അറിയാമെന്നാണ് പരാതിക്കാരി പറയുന്നത്. തെളിവുകൾ ലഭിച്ചാൽ അതനുസരിച്ച് വകുപ്പുകൾ ചുമത്തുമെന്നും സാക്ഷികളുണ്ടെങ്കിൽ അവരുമായി സംസാരിക്കുമെന്നും അന്വേഷണം നടക്കുകയാണെന്നും കമ്മിഷണർ പറഞ്ഞു. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമെ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കു എന്നും കമ്മിഷണർ വ്യക്തമാക്കി.
തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. ആദ്യം ബലാൽസംഗം ചെയ്യുകയും തുടർന്ന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31കാരി നൽകിയ പരാതിയിൽ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന് പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്കി.
പലപ്പോഴായി പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ രേഖകള്‍ കൈയിലുണ്ടെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായസംഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന സംഭവമായതിനാലാണ് ഐപിസി പ്രകാരം കേസെടുത്തത്.
2023 ലാണ് വേടന് തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്സിക് ആണെന്ന ആരോപിച്ചാണ് തന്നെ വേടന് ഒഴിവാക്കിയതെന്ന് യുവ ഡോക്ടർ മൊഴി നൽകി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണവും ഉയര്‍ന്നിരുന്നു.
Kochi [Cochin],Ernakulam,Kerala
July 31, 2025 7:08 PM IST
വേടന് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍; യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു