കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘ക്ലീമിസ് ബാവയുടെ അഭിപ്രായം സ്ഥായിയല്ല; കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രചരണം’;കെ സുരേന്ദ്രൻ Arrest of nuns is not a problem in Chhattisgarh what is happening in Kerala is a politically motivated campaign says bjp leader K Surendran | Kerala
Last Updated:
ഛത്തീസ്ഗഢിലെ പ്രശ്നങ്ങൾ പർവതീകരിക്കുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുഷ്ടലാക്കാണെന്നും കെ സുരേന്ദ്രൻ
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കെസിബിസി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ അഭിപ്രായം സ്ഥായിയല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇപ്പോഴുണ്ടായിട്ടുള്ള സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടാകാം അദ്ദേഹം അങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും അത് സ്ഥായിയായ ഒരു നിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിൽ ഒരു പ്രശ്നവുമില്ലെന്നും നിലവിൽ കേരളത്തിൽ നടക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ കോൺഗ്രസോ പ്രതിപക്ഷ പാർട്ടികളോ ഇതിനെപറ്റി ബഹളം വയ്ക്കുന്നില്ല. നിലവിൽ കേരളത്തിൽ നടക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നതുകൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചരണമാണ്.ഛത്തീസ്ഗഢിൽ നടക്കുന്ന സംഭവങ്ങളെ മുൻനിർത്തി യുഡിഎഫും എൽഡിഎഫും മാധ്യമങ്ങളുമടക്കം ചെയ്യുന്നതെല്ലാം രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി നടക്കുന്ന പ്രചാരവേലയാണ്.
2022ൽ ജാർഖണ്ഡിൽ നിന്നുള്ള കന്യാസ്ത്രീകളെ മനുഷ്യക്കടത്തിന്റെ പേരിൽ തൃശൂരിൽ വച്ച് അറസ്റ്റ് ചെയ്തത് കേരള പൊലീസാണെന്നും കേരള പൊലീസ് കേസെടുത്തപ്പോൾ ഇവിടെ ഒരു ബഹളവും ഉണ്ടായില്ലെന്നും ഛത്തീസ്ഗഢ് പൊലീസ് കേസെടുക്കുമ്പോഴാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ സാഹചര്യമല്ല ഛത്തീസ്ഗഡിൽ ഉള്ളത്. കേരളത്തിൽ ഇപ്പോൾ മതപരിവർത്തനം ഒന്നും നടക്കുന്നില്ല. നേരത്തെ നടന്നിരുന്നു. ഈ സാഹചര്യമല്ല ഛത്തീസ്ഗഡിലും രാജസ്ഥാനിലും ജാർഖണ്ഡിലും കർണാടകയിലുമൊക്കെയുള്ളത്. അതിന്റെ പേരിൽ ഇവിടെ ബഹളം വയ്ക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയം നോക്കിയാണ്. കോൺഗ്രസുകാരുടെ സ്നേഹം മുനമ്പത്ത് നമ്മൾ കണ്ടില്ല. ഛത്തീസ്ഗഡിലെ പ്രശ്നങ്ങൾ പർവതീകരിക്കുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുഷ്ടലാക്കാണെന്നും അത് അധിക കാലം പ്രചരിപ്പിക്കാൻ സാധിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Thiruvananthapuram,Kerala
July 31, 2025 9:42 PM IST
കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘ക്ലീമിസ് ബാവയുടെ അഭിപ്രായം സ്ഥായിയല്ല; കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രചരണം’;കെ സുരേന്ദ്രൻ