Leading News Portal in Kerala

മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Police officer suspended for slapping driver during vehicle inspection in Malappuram | Kerala


Last Updated:

പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറുടെ മുഖത്തടിക്കുകയും ഷര്‍ട്ടിൽ കുത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

മലപ്പുറം മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഡ്രൈവറെ മർദിച്ച ട്രാഫിക് പൊലീസ് ഡ്രൈവറായ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മർദനമേറ്റ പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫർ എന്നയാൾ എസ് പിക്ക് പരാതി നൽകിയതോടെയാണ് നടപടി. നേരത്തെ  പോലീസ് ഉദ്യോഗസ്ഥനെ പടിഞ്ഞാറ്റുംമുറി എആര്‍ ക്യാംപിലേക്ക് സ്ഥലമാറ്റിയിരുന്നു. സംഭവം വിവാദമയതോടെയാണ് കൂടുതൽ നടപടികളിലേക്ക് വകുപ്പ് നീങ്ങിയത്.

 എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറായ ജാഫറിനെ കാക്കി ഷർട്ട് ഇടാത്തതിന്റെ പേരിലാണ് പിഴ അടയ്ക്കാനാവശ്യപ്പെട്ടത്. എന്നാൽ ആദ്യം 250 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും രസീതി നൽകിയപ്പോൾ തുക 500 രൂപയായി. താനൊരു കൂലിപ്പണിക്കാരനാണെന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥൻ ജാഫറിന്റെ മുഖത്തടിച്ചത്. മറ്റ് പോലീസുകാർ വന്നാണ് പോലീസ് ഉദ്യോഗസ്ഥനെ പിടിച്ചുമാറ്റിയത്. പിന്നീട് ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതിയില്ലെന്ന് ബലമായി എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. ജാഫർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. പൊലീസുകാരന്‍ ജാഫറിന്‍റെ ഷര്‍ട്ടിൽ കുത്തിപ്പിടിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ കാണാമായിരുന്നു.