ഡോ. ഹാരിസിനെതിരായ ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിയെ ചെറുക്കും; പിന്തുണയുമായി ഐഎംഎ|IMA against Health Departments retaliation against Dr Harris chirakkal | Kerala
Last Updated:
ഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജനസേവനം നടത്തുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും ആത്മവീര്യത്തെ ഇല്ലാതാക്കുമെന്നും ഐഎംഎ പ്രതികരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ നടത്തിയ വെടിപ്പെടുത്തലുകളുടെ പേരിൽ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്ന ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ). ഡോ. ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്നും, ഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജനസേവനം നടത്തുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും ആത്മവീര്യത്തെ ഇല്ലാതാക്കുമെന്നും ഐഎംഎ പ്രതികരിച്ചു.
സിസ്റ്റം തകരാറാണ് യഥാർത്ഥ പ്രശ്നമെന്ന് ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചതാണ്. എന്നിട്ടും സ്വന്തം വകുപ്പിലെ സിസ്റ്റം തകരാറുകൾ പരിഹരിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കാതെ ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനൊരുങ്ങുന്നത് മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമായേ കരുതാനാവൂ എന്ന് ഐഎംഎ.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കാനും പരിഹരിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ ആർ ശ്രീജിത്ത്, സെക്രട്ടറി ഡോ സ്വപ്ന എസ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
Thiruvananthapuram,Kerala
August 03, 2025 2:34 PM IST