‘സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: ബി ജെ പി | BJP state president Rajeev Chandrasekhar says CPM rule is for criminals | Kerala
Last Updated:
കൊടും ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം വരെ നിർമിച്ച് ആരാധിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
തിരുവനന്തപുരം: സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രമായി മാറിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച പ്രതികൾക്ക് താരപരിവേഷം നൽകി ജയിലിലേക്ക് അയക്കുന്നതും, ടിപി വധക്കേസ് പ്രതിക്ക് മദ്യപിക്കാൻ പോലീസ് കാവൽ നിന്നതും ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിന്റെ ക്രമസമാധാന നിലയും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണവും പാർട്ടി ഗുണ്ടകൾക്ക് സർക്കാർ എഴുതിക്കൊടുത്തെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
കേരളത്തിന്റെ ക്രമസമാധാന നില തകർന്നു തരിപ്പണമായതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വരുന്ന വാർത്തകൾ. രാജ്യസഭാ എംപിയായ ബഹുമാനപ്പെട്ട സദാനന്ദൻ മാസ്റ്ററുടെ കാലുകൾ അതിക്രൂരമായി വെട്ടിയെടുത്ത ക്രിമിനലുകളുടെ ശിക്ഷ കോടതി ശരിവെക്കുകയും അവരെ വീണ്ടും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. അവരെ ജയിലിലേക്ക് അയക്കാൻ എത്തിയത് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെ കെ ശൈലജയാണ്. വീരപരിവേഷത്തോടെ മുദ്രാവാക്യം വിളികളോടെയാണ് കൊടും ക്രിമിനലുകളെ സിപിഎം ജയിലിലേക്ക് അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിലൂടെ അക്രമ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് ഒരിക്കൽക്കൂടി വ്യക്തമാകുന്നു. ഇതാദ്യമായല്ല എല്ലാ പാർട്ടി ക്രിമിനലുകൾക്ക് ഇത്തരം സ്വീകരണം നൽകുന്നതും വീരപരിവേഷം നൽകുന്നത്. ടിപി വധക്കേസ് പ്രതി മരിച്ചപ്പോൾ “വീര രക്തസാക്ഷി” എന്നാണ് പാർട്ടി വിശേഷിപ്പിച്ചത്. കൊടും ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം വരെ നിർമിച്ച് ആരാധിക്കുന്ന പാർട്ടിയാണ് സിപിഎം. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളോടും സിപിഎം സ്വീകരിച്ച നയം വ്യത്യസ്തമല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നു.
പാർട്ടി ഗുണ്ടകൾ പ്രതിസ്ഥാനത്ത് വരുമ്പോൾ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് പ്രശസ്തരായ അഭിഭാഷകരെ സർക്കാർ ഗുണ്ടകൾക്ക് വേണ്ടി നിയോഗിക്കുന്നു. ടിപി വധക്കേസ് പ്രതികൾക്ക് പരോൾ നൽകുക, ജയിലിൽ വിഐപി സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നിവയ്ക്കുപുറമെ പാർട്ടി ഗുണ്ടയ്ക്ക് മദ്യപിക്കാൻ പോലീസ് കാവൽ നിൽക്കുന്ന അവസ്ഥ പോലും കേരളത്തിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പാർട്ടി ഗുണ്ടകൾ സുഖവാസ കേന്ദ്രത്തിൽ എന്നപോലെയാണ് ജയിലിൽ കഴിയുന്നത്. പാർട്ടി ക്രിമിനലുകൾക്ക് മാത്രമല്ല, മന്ത്രിമാർക്കും നേതാക്കന്മാർക്കും വേണ്ടപ്പെട്ട ക്രിമിനലുകൾക്ക് ശിക്ഷ ഇളവ് പോലും നൽകി പുറത്തിറക്കുന്നതിന്റെ ഉദാഹരണമാണ് കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയായതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
സാധാരണ ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന കേരളത്തിൽ ക്രിമിനലുകൾക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ഈ അപകട രാഷ്ട്രീയത്തിൽ ഭയത്തോടെ മാത്രമേ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുകയുള്ളൂവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
August 05, 2025 6:29 PM IST