ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; 16 കാരന് ഗുരുതര പരിക്ക്|Students clash at school over Instagram post 16-year-old seriously injured | Kerala
Last Updated:
സംഘർഷത്തിൽ വിദ്യാർഥിയുടെ തലയോട്ടി പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തു
തൃശ്ശൂര്‍: സ്കൂളിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തൃശ്ശൂര്‍ കാരമുക്ക് എസ്എന്‍ജിഎസ് സ്കൂളിലാണ് സംഭവം. കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന് ആല്‍വിനാണ് (16) പരിക്കേറ്റത്. സംഭവത്തിൽ ആൽവിന്റെ പിതാവിന്റെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ ഇടവേള സമയത്താണ് സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്സ് വിഭാഗത്തിലെയും ആൺകുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇരുകൂട്ടരും കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാം വഴി പോസ്റ്റിട്ട് പോർവിളി നടത്തിയിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട അധ്യാപകർ ഉടൻ ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആൽവിന് പരിക്കേറ്റത്. അടികൊണ്ട് നിലത്തുവീണ ആൽവിനെ മാറ്റ് കുട്ടികൾ ചേർന്ന് തലയിലും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
സംഘർഷത്തിൽ വിദ്യാർഥിയുടെ തലയോട്ടി പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തു. കുട്ടി നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ആൽവിന്റെ പിതാവ് ജെയ്സൺ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി 22 വിദ്യാര്‍ഥികളുടെ പേരിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Thrissur,Thrissur,Kerala
August 07, 2025 8:47 AM IST