കൈ തൊടാതെ കൈക്കൂലി; 72 സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധനയിൽ ഗൂഗിൾ പേ കൈക്കൂലി വ്യാപകമെന്ന് വിജിലൻസ് | Vigilance finds bribe money being transferred through Google Pay at sub-registrar offices | Kerala
Last Updated:
വിവിധ സബ്റജിസ്ട്രാർ ഓഫിസുകളിലെ 19 ഉദ്യോഗസ്‌ഥർ 9,65,905 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി
തിരുവനന്തപുരം: സബ് റജിസ്ട്രാർ ഓഫിസുകളിൽ കൈക്കൂലി പണം ഗൂഗിൾ പേ വഴി കൈമാറുന്നതായി വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ
72 സബ് റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ‘ഓപറേഷൻ സെക്വർ ലാൻഡ്’ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ആധാരം രജിസ്റ്റർ ചെയ്യാനും മറ്റു സേവനങ്ങൾക്കും ആധാരമെഴുത്തുകാർ മുഖേനയും ഉദ്യോഗസ്ഥർ നേരിട്ടും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിവിധ സബ്റജിസ്ട്രാർ ഓഫിസുകളിലെ 19 ഉദ്യോഗസ്‌ഥർ 9,65,905 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി.
സുൽത്താൻ ബത്തേരി സബ് റജിസ്ട്രാർ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പല പ്രാവശ്യമായി ഗൂഗിൾ പേ വഴി 3,37,300 രൂപയാണ് വാങ്ങിയത്. പണം കൈമാറാൻ എത്തിയ ഏജന്റുമാരിൽ നിന്ന് 1,46,375 രൂപയും വാങ്ങിയിരുന്നു. 7 സബ് റജിസ്ട്രാർ ഓഫിസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ച നിലയിൽ 37,850 രൂപയും 4 ഉദ്യോഗസ്ഥരിൽ നിന്നായി 15,190 രൂപയും പിടിച്ചെടുത്തു.
കഴക്കൂട്ടം ഓഫിസിലെ ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് 8500 രൂപ, പത്തനംതിട്ട കോന്നി ഓഫിസിൽ ഏജന്റിൽനിന്ന് 11500 രൂപ, റെക്കോർഡ് റൂമിൽ സൂക്ഷിച്ച 24300 രൂപഎന്നിവ പിടിച്ചെടുത്തു. ചെങ്ങന്നൂർ ഓഫിസിൽ 2000 രൂപ ഉദ്യോഗസ്‌ഥൻ ഗൂഗിൾ പേ വഴി കൈപ്പറ്റിയതും കണ്ടെത്തി. ഇടുക്കി ദേവികുളം ഓഫിസിൽനിന്ന് 91500 രൂപയും ഉടുമ്പൻചോലയിൽനിന്ന് 15000 രൂപയും പിടിച്ചെടുത്തു. കൊച്ചി ഓഫിസിലെ 2 ഉദ്യോഗസ്ഥർ 18800 രൂപ. തൃപ്പൂണിത്തുറയിലെ 2 ഉദ്യോഗസ്‌ഥർ 30610 രൂപ, മലപ്പുറത്ത് 106000 രൂപ, നിലമ്പൂരിൽ 3 ഉദ്യോഗസ്ഥർക്ക് 103030 രൂപ. കൽപറ്റയിൽ 1410 രൂപ. കാസർകോട് ബദിയടുക്കയിൽ 189680 രൂപ എന്നിങ്ങനെയും കൈമാറിയതായി കണ്ടെത്തി.
പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരം ശേഖരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
അഴിമതി വിവരങ്ങൾ വിജിലൻ സിൻ്റെ ടോൾ ഫ്രീ നമ്പറായ 1064; 8592900900 എന്ന മൊബൈൽ നമ്പറിലോ, വാട്‌സാപ്പിൽ 9447789100 എന്ന നമ്പറിലോ അറിയിക്കാം.
Thiruvananthapuram,Kerala
August 09, 2025 9:39 AM IST