‘നോട്ടീസ് അയച്ച് വിരട്ടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിക്കേണ്ട; പോരാട്ടം തുടരും’: കെ. സി വേണുഗോപാൽ | KC Venugopal against Election commission on notice against Rahul Gandhi | Kerala
Last Updated:
ഇലക്ഷൻ കമ്മീഷൻ്റെ നിലപാടുകൾ തുറന്നു കാട്ടിയതിന്റെ ഭാഗമായാണ് രാഹുൽഗാന്ധിക്കെതിരെ നോട്ടീസ് അയച്ചതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു
തിരുവനന്തപുരം: ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും, വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നതായുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങളിൽ, കർണാടക ഇലക്ഷൻ കമ്മിഷൻ നോട്ടീസ് അയച്ച സംഭവത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ പ്രകരണം.
ശകുന്‍ റാണിയുടെ പേരില്‍ രണ്ടു വോട്ട് ചെയ്തു. രണ്ടാമത്തെ വോട്ട് ചെയ്തത് ശകുൻ റാണിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. ആ വോട്ട് ചെയ്തത് ആരാണെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിനൊന്നും മറുപടി പറയാതെ ഉദാഹരണമായി പറഞ്ഞ ഒരു വിഷയത്തിൽ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷൻ വിചാരിക്കണ്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വ്യക്തമായ തെളിവുകൾ കയ്യിലുണ്ട്. സത്യം പുറത്തു കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരും. ചോദ്യം ചോദിച്ച ഞങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ എടുക്കട്ടെ. ഇലക്ഷൻ കമ്മീഷൻ്റെ നിലപാടുകൾ തുറന്നു കാട്ടപ്പെട്ടതിന്റെ ഭാഗമാണ് രാഹുൽഗാന്ധിക്കെതിരെ നോട്ടീസ് അയച്ചത്. സത്യം എത്ര വലിയ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും അത് മറയ്ക്കാനാവില്ല. തെളിവ് സഹിതം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. രാഹുൽ ഗാന്ധി ഉന്നയിച്ച കാര്യങ്ങളിൽ ഇലക്ഷൻ കമ്മീഷൻ മറുപടി പറയണം. ബിജെപിക്ക് വേണ്ടി ഏജൻറ് പണിയെടുക്കുകയല്ല ഇലക്ഷൻ കമ്മീഷൻ ചെയ്യേണ്ടത്.’- അദ്ദേഹം തുറന്നടിച്ചു.
തെളിവുകള്‍ എല്ലാം കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. ബിജെപി ഇതിനെ ന്യായീകരിക്കുന്നത് ഏറ്റവും വലിയ ഗുണഭോക്താക്കൾ അവർ ആയതിനാലാണ്. ഇലക്ട്രോണിക്സ് വോട്ടേഴ്സ് ലിസ്റ്റ് എന്തുകൊണ്ട് ഇലക്ഷൻ കമ്മീഷൻ നൽകുന്നില്ല? സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിന്? തുടങ്ങിയവയ്ക്ക് ഇലക്ഷൻ കമ്മീഷൻ മറുപടി പറയണം. അതല്ലാതെ നോട്ടീസ് അയച്ചുള്ള വിരട്ടൊന്നും വേണ്ട. ശക്തമായ പോരാട്ടം കോൺഗ്രസ് നടത്തും. തിങ്കളാഴ്ച ഇന്ത്യാ മുന്നണിയുടെ എംപിമാർ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തും. വൈകുന്നേരം സമരപരിപാടികൾ ചർച്ച ചെയ്യാൻ എഐസിസി യോഗം ചേരും. ഈ മാസം 17ന് ബീഹാറിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന യാത്ര സംഘടിപ്പിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
August 10, 2025 10:35 PM IST
‘നോട്ടീസ് അയച്ച് വിരട്ടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിക്കേണ്ട; പോരാട്ടം തുടരും’: കെ. സി വേണുഗോപാൽ