‘രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ ലക്ഷ്യമിടാൻ കാരണം പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതിനാൽ’: രാജീവ് ചന്ദ്രശേഖർ | Rajiv Chandra Shekhar criticizes Rahul Gandhi | Kerala
Last Updated:
ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിൻ്റെ പ്രവൃത്തികളെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
തിരുവനന്തപുരം: ആറ്റംബോംബെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള ആരോപണങ്ങൾ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തോറ്റു തോറ്റ് തൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽഗാന്ധി ലക്ഷ്യമിടാൻ കാരണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കാലടിയിൽ വാർഡ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിൻ്റെ പ്രവൃത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ്
കയ്യേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയത്. രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് നല്ലത്. വർഷത്തിൽ അഞ്ചും ആരും തവണ വിനോദസഞ്ചാരത്തിന് പോകുന്ന രാഹുൽഗാന്ധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചുകൂടി പഠിക്കണം. തെരഞ്ഞെടുപ്പിന് മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോൾ ഒരു വർഷം കഴിഞ്ഞ് പരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ആറേഴ് ദിവസം കൂടുമ്പോൾ ഓരോ ആരോപണം വീതം കൊണ്ടുവരുകയും പിന്നാലെ പൊളിയുകയും ചെയ്യുന്നു. ബോംബെ ഭീകരാക്രമണം , ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ രാഹുലും കോൺഗ്രസും നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം പൊളിഞ്ഞു പോയി. അതുപോലെ വോട്ടർപട്ടിക ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി വരുന്നതോടെ പൊളിയും.
തൃശൂരിൽ സുരേഷ്ഗോപിയെ കാണാനില്ലെന്ന പരാതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. എം പി കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം. പരാതി ഉന്നയിച്ച ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Thiruvananthapuram,Kerala
August 10, 2025 7:40 PM IST
‘രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ ലക്ഷ്യമിടാൻ കാരണം പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതിനാൽ’: രാജീവ് ചന്ദ്രശേഖർ