Leading News Portal in Kerala

കോതമംഗലത്തെ യുവതിയുടെ മരണം; NIA അന്വേഷണം ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽ‌കി | Family of Kothamangalam death case victim demands NIA investigation | Kerala


Last Updated:

റമീസിന്റെ വീട്ടുകാർ നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു

സോന എൽദോസ്സോന എൽദോസ്
സോന എൽദോസ്

കോതമം​ഗലത്ത് 23-കാരി ജീവനൊടുക്കിയ സംഭവത്തിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. മകൾ ജീവനൊടുക്കിയത് മതപരിവർത്തന ശ്രമം മൂലമാണെന്നും പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം കത്തിൽ പരാമർശിച്ചു.

എന്നാൽ, അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. മകളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെടുന്നത്. മതപരിവർത്തനമാണ് പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇതിൽ വിദേശത്തുനിന്ന് അടക്കമുള്ളവർ ഇടപെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പര്യാപ്തമല്ല. അതുകൊണ്ടാണ് എൻഐഎ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.

അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തത് ആൺ സുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയും പെൺകുട്ടിയെ മരണത്തിന്റെ വക്കിലെത്തിച്ചു.

രണ്ടുപേർക്കും ഇടയിൽ ഉടലെടുത്ത തർക്കം മൂലം മതം മാറാൻ തയ്യാറല്ലെന്ന നിലപാട് പെൺകുട്ടിയെടുത്തു. റമീസിന്റെ വീട്ടുകാരുമായും ഇത് സംബന്ധിച്ച് തർക്കം ഉണ്ടായതായി പറയുന്നു. റമീസിന്റെ അനാശാസ്യ പ്രവർത്തനങ്ങളെക്കുറിച്ച് പെൺകുട്ടിക്ക് വിവരം ലഭിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചത് എന്നുമാണ് വിലയിരുത്തുന്നത്.

കേസിൽ വിശദമായ അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. 10 പേരടങ്ങുന്ന അന്വേഷണ സംഘത്തെയാണ് ഇതിനുവേണ്ടി രൂപീകരിച്ചിട്ടുള്ളത്. റമീസിന്റെ ഫോണും മറ്റു രേഖകളും സംഘം പരിശോധിക്കും. ഇയാളുടെ മാതാപിതാക്കളെയും ഉടൻ ചോദ്യം ചെയ്യും.കേസിൽ അവരെ പ്രതിചേർക്കണമോ എന്ന കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയുടെ മരണക്കുറുപ്പിലും ഇവർക്കെതിരെ പരാമർശങ്ങൾ ഉള്ളതിനാൽ പ്രേരണ കുറ്റം ചുമത്താനുള്ള സാധ്യതയുമുണ്ട്. നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമം റമീസിന്റെ വീട്ടുകാർ നടത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഈ കാര്യങ്ങളിലും പോലീസ് വിശദമായി അന്വേഷണം നടത്തും.